യാത്രയ്‌ക്കായി ബുദ്ധിമുട്ടുന്ന തന്റെ ചുറ്റുമുള്ളവര്‍ക്കായി പഴയ കാറുകള്‍ റിപ്പയര്‍ ചെയ്ത് സൗജന്യമായി നല്‍കുന്ന ഒരാളെ കാണാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍
അമേരിക്കയിലെ തെക്കന്‍ കരോലിനയിലെ മുപ്പത്തിയെട്ടുകാരനായ എലിയറ്റ് മിഡില്‍ടണ്‍ ഇത്തരത്തില്‍ ഒരാളാണ്. തന്റെ ഒഴിവു വേളകള്‍ താന്‍ തന്നെ സമാഹരിക്കുന്ന ഉപയോഗശൂന്യമായ കാറുകള്‍ റിപ്പയര്‍ ചെയ്ത് ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി നല്‍കുകയാണ് ഈ ചെറുപ്പക്കാരന്റെ വിനോദം.ഓട്ടോ മെക്കാനിക്കായി ജോലി ചെയ്തിരുന്ന മിഡില്‍ടണ്‍ തന്റെ ഗ്രാമ പ്രദേശത്ത് യാത്രാ സൗകര്യങ്ങള്‍ക്കായി ബുദ്ധിമുട്ടുന്നവര്‍ ഏറെയാണ് എന്ന് തിരിച്ചറിഞ്ഞിരുന്നു.
അങ്ങനെയാണ് തന്റെ അച്ഛന്റെ പാരമ്പര്യം കാത്തു സൂക്ഷിച്ചു കൊണ്ട് ഇത്തരത്തിലൊരു പൊതുജന സേവന ഉദ്യമത്തിലേക്ക് മിഡില്‍ടണ്‍ തിരിഞ്ഞത്. 2020 ലാണ് മിഡില്‍ടണ്‍ ഇത്തരത്തില്‍ കാറുകള്‍ റിപ്പയര്‍ ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്ത് തുടങ്ങിയത്. ഇത് വരെ ഇത്തരം 100 കാറുകളാണ് മിഡില്‍ടണ്‍ ശേഖരിച്ച് ശരിയാക്കി, നല്‍കിയിരിക്കുന്നത്. ഇങ്ങനെ താന്‍ കാര്‍ നല്‍കിയ ആരുടെ പക്കല്‍ നിന്നും മിഡില്‍ടണ്‍ ഒരു രൂപ പോലും വാങ്ങിയിട്ടുമില്ല. ”ഈ ഗ്രാമ പ്രദേശത്ത് വാഹന ഗതാഗതത്തിനായി ബുദ്ധിമുട്ടുന്നവര്‍ ഏറെയാണ്. എനിക്ക് എന്റെ മെക്കാനിക്ക് അനുഭവങ്ങളില്‍ നിന്ന് എന്റെ സമൂഹത്തിലെ അംഗങ്ങളെ സഹായിക്കാന്‍ സാധിക്കുമെന്ന് മനസ്സിലായിരുന്നു.”എന്നാണ് മില്‍ട്ടണ്‍ പറയുന്നത്.
ഉപയോഗശൂന്യമായ കാറുകള്‍ ലഭിക്കുന്നതിനായി, മിഡില്‍ടണ്‍ തന്റെ ഭക്ഷണശാലയില്‍ നിന്നും ഒരു പ്ലേറ്റ് മാംസാഹാരം സൗജന്യമായി നല്‍കാറുണ്ട്. ഇത്തരത്തില്‍ പഴയ കാറുകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ഈ സൗജന്യം ലഭിക്കുക. ഈ പദ്ധതിയെ പിന്തുണയ്‌ക്കുന്നതിനായി മിഡില്‍ടണ്‍ ഒരു ഓണ്‍ലൈന്‍ സംഭാവന പരിപാടിയും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, മിഡില്‍ടണിനെ ജെഫേഴ്സണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. മികച്ച പൊതുജന സേവനങ്ങള്‍ കാഴ്ച വെയ്‌ക്കുന്ന അമേരിക്കക്കാര്‍ക്ക് നല്‍കുന്ന ദേശീയ അംഗീകാരമാണ് ജെഫേഴ്സണ്‍ പുരസ്‌കാരം.
















Comments