കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിൽ നിപ്പ വൈറസ് ബാധയെ തുടർന്ന് മരണമുണ്ടായ സാഹചര്യത്തിൽ ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലെ വിദഗ്ധ സംഘം ബുധനാഴ്ച കോഴിക്കോട് എത്തും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും നാളെ സ്ഥലത്തെത്തും.തുടർന്ന് വവ്വാലുകളുടെ അടക്കം സാമ്പിളുകൾ ശേഖരിക്കും.ചാത്തമംഗലത്ത് നിപ്പ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സാമ്പിൾ ശേഖരണം ഇന്നും തുടർന്നു.
സംസ്ഥാന മൃഗസംരക്ഷണ ജോയിന്റ് ഡയറക്ടർ ഡോ.മിനി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച മുതൽ പാഴൂരിൽ വവ്വാലുകളുടേയും മൃഗങ്ങളുടേയും സാമ്പിൾ ശേഖരിക്കും.
ചാത്തമംഗലത്ത് നിയന്ത്രണമുണ്ടാവുമെങ്കിലും എം.വി.ആർ കാൻസർ സെന്റർ, കെ.എം.സി.ടി മെഡിക്കൽ കോളേജ് , എൻ.ഐ.ടി എന്നിവടങ്ങളിലേക്ക് പോകുന്നവർക്കും പരീക്ഷകൾക്ക് എത്തുന്നവർക്കും തടസ്സമുണ്ടാകില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
കൊടിയത്തൂർ പഞ്ചായത്തിലെ ഒൻപത് വാർഡുകൾ പൂർണമായും രണ്ട് വാർഡുകൾ ഭാഗികമായും കാരശ്ശേരി ഒരു വാർഡ് പൂർണമായും ഒന്ന് ഭാഗികമായും മുക്കം നഗരസഭ അഞ്ച് ഡിവിഷനുകൾ പൂർണമായും ഒന്ന് ഭാഗികമായും ഇതിനോടകം കണ്ടെയ്ൻമെന്റ് സോണാക്കി കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
















Comments