പെഷ്വാർ: പാകിസ്താനിലെ വാർത്താ മാദ്ധ്യമങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കും മുന്നറിയിപ്പുമായി തെഹ്രിക് ഇ താലിബാൻ(ടിപിപി). തങ്ങളെ ഭീകര സംഘടനകൾ എന്ന് വിളിക്കരുത്, അങ്ങനെ വിളിക്കുന്നവരെ ശത്രുക്കളായി കണക്കാക്കുമെന്ന് പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രിക് ഇ താലിബാൻ മുന്നറിയിപ്പ് നൽകി. ടിടിപി വക്താവ് മുഹമ്മദ് ഖുറാസനിയാണ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.
ഭീകരരും തീവ്രവാദികളുമായി തങ്ങളെ മുദ്രകുത്തുന്ന മാദ്ധ്യമങ്ങളെ അടക്കം നിരീക്ഷിച്ച് വരികയാണെന്ന് മുഹമ്മദ് ഖുറാസനി പറഞ്ഞു. മാദ്ധ്യമങ്ങളുടെ പക്ഷപാതപരമായ നിലപാടാണിത്. ശത്രുക്കളെ പോലെയാണ് അവർ പെരുമാറുന്നത്. ഇനി ഭീകര സംഘടനകൾ എന്ന് വിളിക്കുന്നവരെ ടിടിപിയും ശത്രുക്കളായി കണക്കാക്കുമെന്നും തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും ഖുറാസനി അറിയിച്ചു.
2007ലാണ് തെഹ്രിക് ഇ താലിബാൻ പാകിസ്താനിൽ രൂപീകൃതമായത്. അഫ്ഗാനിലുള്ള പാക് ഭീകരരിൽ ഭൂരിഭാഗവും ടിപിപിയിൽ പ്രവർത്തിക്കുന്നവരാണ്. താലിബാൻ ഭരണം പിടിച്ചെടുത്തത് ടിടിപി അടക്കം പല ഭീകരസംഘടനകളുടേയും ധൈര്യം വർദ്ധിപ്പിക്കാൻ ഇടയായിട്ടുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഭരണം പിടിച്ചെടുത്തതിന് പിന്നാലെ താലിബാൻ മോചിപ്പിച്ച തടവ്പുള്ളികളിൽ കൂടുതലും ടിടിപി ഭീകരരാണ്.
















Comments