ന്യൂഡൽഹി: ലോകരാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗം മേധാവികളും ഇന്ത്യയിൽ. അഫ്ഗാനിലെ താലിബാൻ ഭരണകൂട രൂപീകരണത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയും റഷ്യയും ഇന്ത്യ കേന്ദ്രമാക്കി സുപ്രധാന ചർച്ചകൾ നടത്തുന്നത്. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവിയാണ് അടിയന്തിരമായി ഇന്നലെ ഇന്ത്യയിലെത്തി മടങ്ങിയത്. സി.ഐ.എ മേധാവി വില്ല്യം ബേൺസാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയത്.
അഫ്ഗാനിൽ താലിബാൻ ഭരണകൂടത്തെ പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിനാണ് അടിയന്തിര സന്ദർശനം നടന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റഷ്യൻ സുരക്ഷാ ഉപദേഷ്ടാവുമായി ഇന്ത്യയുടെ ചർച്ച ഇന്ന് ആരംഭിക്കുന്നതിന് മുന്നേ തന്നെ അമേരിക്ക ഇന്ത്യയിലെത്തിയതും പ്രതിരോധ വിദഗ്ധർ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്.
അജിത് ഡോവലും വില്യം ബേൺസുമായി നടത്തിയ കൂടിക്കാഴ്ച അതീവ രഹസ്യമായിട്ടാണ് നടന്നത്. ചർച്ചയുടെ വിശദാശംങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആഗോള ഭീകരരുടെ പട്ടികയിലെ പ്രധാനികളെല്ലാം താലിബാന്റെ ഭരണനേതൃത്വത്തിലേക്ക് എത്തുന്നതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. ഇതിനൊപ്പം ഇനിയും അമേരിക്കൻ വംശജർ അഫ്ഗാനി ലുള്ളതും തലവേദനയാണ്. ഇന്ത്യയാണ് നിലവിൽ മേഖലയിൽ അമേരിക്കയുടെ പ്രതിരോധനയത്തെ ഏറ്റവുമധികം പിന്തുണയ്‌ക്കുന്ന രാജ്യം.
താലിബാനെ പിന്തുണയ്‌ക്കുന്ന ചൈനയും പാകിസ്താനുമായും അമേരിക്കയും റഷ്യയും ഒട്ടും സുഖകരമായ ബന്ധമല്ല പുലർത്തുന്നത്. എന്നാൽ ഇരുരാജ്യങ്ങളുടേയും ഏറ്റവും വിശ്വസ്തനായ മേഖലയിലെ ഏക രാജ്യം ഇന്ത്യയാണെന്നതും വിദേശകാര്യ-പ്രതിരോധ മേഖലയിൽ സുപ്രധാന നേട്ടമാണ് ഇന്ത്യയിലെ വിദഗ്ധന്മാർ വിലയിരുത്തുന്നത്.
അഫ്ഗാനിലെ സ്ഥിതിഗതികൾ സൂക്ഷമമായിട്ടാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നത്. താലിബാൻ ഭരണം ഭീകരർ പിടിച്ചത് ഇന്ത്യയുടെ സുരക്ഷയ്‌ക്ക് കടുത്ത വെല്ലുവിളിയാണ്. മേഖലയിലെ ഭീകരസംഘടനകളെല്ലാം അഫ്ഗാൻ കേന്ദ്രീകരിക്കുന്ന വിഷയം സുരക്ഷാ സമിതിയോഗത്തിൽ ഇന്ത്യ ഉന്നയിച്ചിരുന്നു.
ചൈനയും പാകിസ്താനും താലിബാനെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചത് അതിർത്തി സുരക്ഷയെ ബാധിക്കുമെന്ന കാര്യവും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. കശ്മീർ വിഷയത്തിൽ താലിബാൻ നടത്തിയ പരാമർശത്തെ ഇന്ത്യ ശക്തമായി എതിർക്കുകയും പാകിസ്താന്റെ ഭീകരനയങ്ങൾക്ക് താലിബാന്റെ പിന്തുണയേറുന്നതിലുള്ള ആശങ്കയും ലോകരാജ്യങ്ങളുമായി പങ്കുവെച്ചിട്ടുണ്ട്.
















Comments