ശ്രീനഗർ: ആർട്ടിക്കിൾ 370 പുനഃസഥാപിക്കാതെ മത്സരിക്കില്ലെന്ന പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി നാഷണൽ കോൺഫറൻസ്. ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് എപ്പോൾ നടന്നാലും മത്സരിക്കാൻ തയ്യാറാണെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള അറിയിച്ചു. അതേസമയം റദ്ദാക്കിയ ആർട്ടിക്കിൾ 370, 35 എ എന്നിവയുടെ പുനഃസ്ഥാപനത്തിന് പരിശ്രമം തുടരുമെന്ന് ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.
കശ്മീരിൽ തിരഞ്ഞെടുപ്പ് എന്ന് നടക്കുമെന്ന് അറിയില്ല. എപ്പോൾ നടന്നാലും നാഷ്ണൽ കോൺഫറൻസ് മത്സരിക്കുമെന്നുമാണ് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി പറഞ്ഞത്. പിതാവ് ഷെയ്ഖ് അബ്ദുള്ളയുടെ ചരമവാർഷിക ചടങ്ങിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഫാറൂഖ് അബ്ദുള്ള.
കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനിലെ പുതിയ താലിബാൻ ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫാറൂഖ് അബ്ദുള്ള രംഗത്തെത്തിയിരുന്നു. താലിബാന്റെ കീഴിൽ മനുഷ്യാവകാശങ്ങൾ സുരക്ഷിതമായിരിക്കുമെന്നും അഫ്ഗാൻ മികച്ച ഒരു രാജ്യമായി മാറുമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. താലിബാനെ പിന്തുണച്ച് കശ്മീരിലെ പിഡിപി നേതാവ് മെഹബൂബ മുഫ്തിയും ഇതിന് മുമ്പ് രംഗത്ത് വന്നിരുന്നു.
Comments