കൊച്ചി: ആലുവ മണപ്പുറത്ത് ലഹരി മാഫിയുടെ വിളയാട്ടം. മണപ്പുറത്തെ കുട്ടിവനത്തിലും പുഴയോരത്തെ ഔഷധ തോട്ടങ്ങളിലും കുറ്റിക്കാടുകളിലും ലഹരി മാഫിയയുടെയും സാമൂഹികവിരുദ്ധരുടെയും കേന്ദ്രമായ മാറിയിരിക്കുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് സംഘം പരിശോധന നടത്തി. 25 അംഗ പോലീസ് സംഘമാണ് പരിശോധന നടത്തിയത്.റൂറൽ എസ്പി കെ. കാർത്തിക് ആണ് തിരച്ചിലിന് ഉത്തരവിട്ടത്. എന്നാൽ ആരെയും പിടിക്കുടിയിട്ടില്ല.
വടക്കേ അറ്റത്തെ ഹോളി ഗോസ്റ്റ് കടവു മുതൽ തെക്കുഭാഗത്തു ക്ഷേത്രഭൂമി വരെയുള്ള കാട്ടിലാണു പരിശോധന നടത്തിയത്. അകത്ത് ആളുകൾ ഉണ്ടെങ്കിൽ രക്ഷപ്പെടാതിരിക്കാൻ 2 വശവും വളഞ്ഞ ശേഷമാണ് 2 മണിക്കൂർ നീണ്ട പരിശോധന നടത്തിയത്.
ഉപയോഗിച്ച ആംപ്യൂളുകൾ, സിറിഞ്ചുകൾ, ഒഴിഞ്ഞ മദ്യക്കുപ്പികൾ, ഗർഭനിരോധന ഉറകൾ, ഭക്ഷണം പാചകം ചെയ്തതിന്റെ അവശിഷ്ടങ്ങൾ, അടപ്പുകൾ തുടങ്ങിയവയാണ് പരിശോധന നടത്തിയ പരിസരത്ത് നിന്ന് പോലീസ് കണ്ടെത്തിയത്. പീന്നിട് ഇത് നശിപ്പിക്കുകയും ചെയ്തു.
ക്ഷേത്ര ദർശനത്തിന് എത്തിയ 5 പേരുടെ വാഹനങ്ങളിൽ നിന്നു പണവും ഒരാളുടെ സ്വർണവും അടുത്തിടെ മോഷണം പോയിരുന്നു. ശിവരാത്രി വേളയിൽ എല്ലാ വർഷവും നഗരസഭ ഇവിടത്തെ കാടു വെട്ടാറുണ്ട്. ഇത്തവണ ആഘോഷം ഇല്ലാതിരുന്നതിനാൽ ദൂരത്തുളള സ്ഥലം മാത്രമേ വൃത്തിയാക്കിയുള്ളൂ.
നഗരസഭയും ദേവസ്വം ബോർഡും ചേർന്ന് ഇതു വെട്ടിത്തെളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ട് എസ്‌ഐമാരുടെ നേതൃത്വത്തിൽ കാടിനുള്ളിൽ മിന്നൽ പരിശോധനയും തുടർച്ചയായി നിരീക്ഷണവും നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.
















Comments