കണ്ണൂർ: ഇ ബുൾജെറ്റിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഇ ബുൾജെറ്റ് സഹോദരങ്ങളായ എബിന്റേയും ലിബിന്റേയും വാഹനത്തിന്റെ രജിസ്‌ട്രേഷൻ എംവിഡി റദ്ദാക്കി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാരവാന്റെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തിൽ സഹോദരന്മാരുടെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് നടപടി. മൂന്ന് മാസത്തേയ്‌ക്കാണ് രജിസ്‌ട്രേഷൻ റദ്ദാക്കിയത്.
വാഹനത്തിൽ നിയമപ്രകാരമുള്ള മാറ്റങ്ങൾ മാത്രമെ വരുത്തിയിട്ടുള്ളെന്നും ഇതിൽ മാറ്റം വരുത്താൻ കഴിയില്ലെന്നുമായിരുന്നു ഇ ബുൾജെറ്റ് സഹോദരങ്ങളുടെ നിലപാട്. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്. വാഹനം സ്റ്റോക്ക് കണ്ടീഷനിൽ ഹാജരാക്കിയില്ലെങ്കിൽ രജിസ്‌ട്രേഷൻ പൂർണമായും റദ്ദാക്കാനുള്ള നടപടി സ്വീകരിക്കും. മൂന്ന് മാസത്തിനുള്ളിൽ വാഹനം അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റി ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാക്കണം.
താക്കീത് എന്ന നിലയിലാണ് ഇപ്പോൾ താത്കാലികമായി രജിസ്‌ട്രേഷൻ റദ്ദാക്കിയിട്ടുള്ളത്. ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ഇ ബുൾജെറ്റ് വ്‌ളോഗർമാർ കണ്ണൂർ ആർടി ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കേസിൽ മോട്ടോർ വാഹന വകുപ്പ് നേരത്തെ കുറ്റപത്രം സമർപ്പിച്ചതാണ്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വാഹനം അപകടം വരുത്തിയേക്കാവുന്ന രീതിയിൽ രൂപമാറ്റം നടത്തിയെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Comments