തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാലയിലെ പാഠ്യപദ്ധതി വിവാദം അനാവശ്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ എന്നും വൈവിധ്യങ്ങളുടെ നാടാണ്. പഠന വിഷയങ്ങളിലും വ്യത്യസ്ത ആശയങ്ങളും വിചാരധാരകളും വിദ്യാർത്ഥികൾക്ക് വായിക്കാനും പഠിക്കാനുമുള്ള അവസരം നൽകുന്നതിൽ ഒരു തെറ്റുമില്ല. നിരവധി വിരുദ്ധ ചിന്താധാരകൾ പഠിക്കുന്നതിലൂടേയും സംവദിക്കുന്നതിലൂടേയും മാത്രമേ മികച്ച വിദ്യാർത്ഥികളും പൗരന്മാരും സൃഷ്ടിക്കപ്പെടുകയുള്ളുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ഇന്ത്യ എന്നും വൈവിധ്യങ്ങളുടെ നാടാണെന്നും അത് ശീലിച്ചത് പുരാതന കാലം മുതൽ പ്രകൃതിയെ പഠിച്ചും നിരീക്ഷിച്ചുമാണെന്നത് മറക്കരുതെന്നും ഗവർണർ ഓർമ്മിപ്പിച്ചു. ആർ.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ സമൂഹത്തിൽ കടുത്ത വിദ്വേഷം വളർത്തില്ലേ എന്ന ചോദ്യത്തിന് ആദ്യം എല്ലാവരും പുസ്തകങ്ങൾ വായിച്ച ശേഷം വിമർശിക്കുന്നതാണ് നല്ലതെന്നും മറുപടി നൽകി.
താൻ സംസ്ഥാനത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി ഉണ്ടായിരുന്നില്ല. സംസ്ഥാനത്തെ എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയാനും ആഗ്രഹിക്കുന്നില്ല. എന്നാൽ തനിക്ക് ബോദ്ധ്യമുള്ള വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതിൽ മടിയില്ലെന്നും ഗവർണർ പറഞ്ഞു.
















Comments