ലക്‌നൗ: കാമുകിയെ കല്ല്യാണം ചെയ്യാൻ പല മാർഗങ്ങൾ സ്വീകരിക്കുന്നവരാണ് കാമുകന്മാർ. ഇവിടെയും വ്യത്യസ്തമായി ചിന്തിച്ചിരിക്കുകയാണ് ഗോരഖ്പൂരിൽ നിന്നുള്ള കാമുകൻ. കാമുകിയെ കല്ല്യാണം കഴിക്കാൻ അവരുടെ സഹോദരീ പുത്രനെ തട്ടിക്കൊണ്ടുപോയി. അഞ്ച് വയസ്സുള്ള ആൺകുട്ടിയേയാണ് ദിനേശ് യാദവ് എന്ന യുവാവ് തട്ടിക്കൊണ്ട് പോയത്.
അഭാഷു എന്നാണ് കുട്ടിയുടെ പേര്. തട്ടിക്കൊണ്ട് പോയി 24 മണിക്കൂറിനുള്ളിൽ പോലീസ് കുട്ടിയെ കണ്ടെത്തി രക്ഷിതാക്കൾക്ക് കൈമാറി. വീട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താൻ കഴിയാതായതോടെയാണ് പോലീസിനെ വിവരമറിയിച്ചത്.
അന്വേഷണത്തിൽ കുട്ടിയെ തട്ടിക്കൊണ്ട്പോയത് ദിനേശാണെന്ന് പോലീസ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മയുടെ സഹോദരിയുമായി ദിനേശ് പ്രണയത്തിലാണെന്ന വിവരം പോലീസിന് ലഭിച്ചത്.
ഇവരുടെ പ്രണയം വീട്ടുകാർ എതിർത്തിരുന്നു. യുവതിയുടെ വീട്ടുകാരിൽ സമ്മർദ്ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
യുവാവിനെ അറസ്റ്റ് ചെയ്‌തെന്നും, ഇയാൾക്കെതിരേ തട്ടിക്കൊണ്ട് പോകലിന് കേസ് എടുത്തയായും പോലീസ് പറഞ്ഞു.
















Comments