കാബൂൾ: പുതിയ അഫ്ഗാൻ സർക്കാരുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ നീക്കങ്ങളുമായി പാകിസ്താൻ. താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം രാജ്യത്ത് ആദ്യമായി പറന്നിറങ്ങിയത് പാകിസ്താന്റെ യാത്രാവിമാനം. അഫ്ഗാനിൽ ഓഗസ്റ്റ് 15ന് ശേഷം രക്ഷാദൗത്യത്തിനല്ലാതെ സർവീസ് നടത്തുന്ന ആദ്യ വിദേശ യാത്രാ വിമാനം പാകിസ്താനിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്. അഫ്ഗാനുമായും രാജ്യത്തെ ജനങ്ങളുമായും ആരോഗ്യകരമായ ബന്ധം വളർത്തിയെടുക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് സംഭവത്തിൽ പാകിസ്താൻ പ്രതികരിച്ചു.
ഇസ്ലാമാബാദിൽ നിന്നും പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പി.ഐ.എ) ബോയിങ് 777 വിമാനമാണ് യാത്രക്കാരുമായി കാബൂളിൽ വന്നിറങ്ങിയത്. വിദേശ മാധ്യമപ്രവർത്തകരാണ് പ്രധാനമായും യാത്രക്കാരിൽ ഉണ്ടായിരുന്നത്. രാവിലെ 6.45ഓടെ വിമാനം കാബൂളിൽ എത്തി. അതേസമയം ഇസ്ലാമാബാദിലേക്ക് തിരികെ പറന്നുയർന്ന പി.ഐ.എ വിമാനത്തിൽ ലോകബാങ്ക് ജീവനക്കാർ കാബൂളിൽ നിന്നും യാത്ര ചെയ്തു.
അഫ്ഗാനിലെ സിവിൽ ഏവിയേഷൻ അധികൃതരുടെയും പി.ഐ.എ ജീവനക്കാരുടെയും സംയുക്ത നടപടികളാണ് വിമാന സർവീസ് യാഥാർത്ഥ്യമാക്കിയതെന്ന് പി.ഐ.എ വക്താവ് അബ്ദുള്ള ഖാൻ അറിയിച്ചു. കഴിഞ്ഞയാഴ്ച രണ്ട് ഖത്തർ എയർവെയ്‌സ് യാത്രാവിമാനങ്ങൾ കാബൂളിൽ നിന്ന് ദോഹയിലേക്ക് സർവീസ് നടത്തിയിരുന്നു. നൂറിലധികം വിദേശ പൗരൻമാർ വിമാനത്തിലുണ്ടായിരുന്നു.
















Comments