ന്യൂയോർക്ക്: അഫ്ഗാൻ ജനതയ്‌ക്ക് ഐക്യരാഷ്‌ട്രസഭയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഏതു പ്രതിസന്ധി ഘട്ടത്തിലും അഫ്ഗാൻ ജനതയ്‌ക്ക് സഹായമെത്തിക്കാൻ ഇന്ത്യക്കായിട്ടുണ്ട്. ഇനിയും അത് തുടരും. ഐക്യരാഷ്‌ട്രസഭയിലെ ലോകരാജ്യങ്ങളുടെ ഉന്നതതല സമിതി യോഗത്തിലാണ് അഫ്ഗാൻ വിഷയത്തിലെ ഇന്ത്യൻ നയം ജയശങ്കർ വ്യക്തമാക്കിയത്.
താലിബാനാണ് നിലവിൽ അഫ്ഗാനിൽ ഭരിക്കുന്നത്. എന്നാൽ അവരുടെ നയം അഫ്ഗാനിനൊപ്പം മറ്റ് അയൽരാജ്യങ്ങളേയും പ്രതിസന്ധിയിലാക്കുന്നതാണെന്നും ജയശങ്കർ മുന്നറിയിപ്പു നൽകി. അഫ്ഗാൻ കഠിനമായ നാളുകളിലൂടെയാണ് കടന്നുപോകുന്നത്. വരും മാസങ്ങളിൽ ജനങ്ങൾ ഏറെ ദുരിതത്തിലേക്ക് നീങ്ങും. പ്രവിശ്യകളുടെ സ്ഥിരത അപകടത്തിലാണ്. ഭരണകൂടത്തിന് എല്ലാ പ്രവിശ്യകളേയും നിയന്ത്രിക്കാനുള്ള ശേഷിയുമില്ല. ഇത് അരാജകത്വമാണ് സൃഷ്ടിക്കുകയെന്നും ജയശങ്കർ പറഞ്ഞു.
വിദേശരാജ്യങ്ങൾ വിസ അനുവദിച്ചവരും അഫ്ഗാൻ വിടാൻ ആഗ്രഹിക്കുന്നവരും നിരവധിയാണ്. എത്രയും പെട്ടന്ന് കാബൂളിൽ നിന്നും അത്തരക്കാരെ പുറത്തുകടത്താൻ വേണ്ട നടപടികൾ ഐക്യരാഷ്‌ട്രസഭ സ്വീകരിക്കണമെന്നും കേന്ദ്രവിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു. കാബൂൾ വിമാനത്താവള നടത്തിപ്പിൽ ഐക്യരാഷ്‌ട്രസഭ ഇടപെടണം. സ്വകാര്യവിമാനങ്ങൾ അടിയന്തിരമായി ഇറങ്ങി തുടങ്ങിയാൽ മാത്രമേ ജനങ്ങൾക്കുള്ള അവശ്യസാധനങ്ങൾ എത്തിക്കാനാകൂ എന്നും ജയശങ്കർ പറഞ്ഞു.
















Comments