കൊച്ചി: ഇൻഫോപാർക്കിൽ ഐടി കമ്പനികൾ സാധാരണ നിലയിൽ പ്രവർത്തനം പുന:രാരംഭിക്കാനൊരുങ്ങുന്നു. ഇൻഫോ പാർക്കിലെ എല്ലാ ഐടി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള കൊറോണ വാക്‌സിനേഷൻ ഈ മാസത്തോടെ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഈ മാറ്റം.
നേരത്തെ വാക്‌സിനേഷൻ പൂർത്തിയാക്കിയ ഏതാനും കമ്പനികൾ ഇതിനോടകം ഓഫീസ്പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കിയിട്ടുണ്ട്.വർക്ക് ഫ്രം ഹോം രീതിയിൽ നിന്ന് കമ്പനികൾ പൂർണമായും മാറിയില്ലെങ്കിലും വരും മാസങ്ങളിൽ കൂടുതൽ കമ്പനികൾ ഐടി പാർക്കുകളിൽ തിരിച്ചെത്തും. സമ്പൂർണവാക്‌സിനേഷനു പുറമേ സ്‌കൂളുകൾ കൂടി തുറക്കുന്നത് കൂടുതൽ ജീവനക്കാർക്ക് ഓഫീസുകളിൽ തിരിച്ചെത്താൻ വഴിയൊരുക്കുമെന്ന് കേരള ഐടി പാർക്ക്‌സ് സിഇഒ ജോൺ തോമസ് പറഞ്ഞു.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നരവർഷത്തിലേറയായി കമ്പനികൾ വർക്ക് ഫ്രം ഹോം രീതിയാണ് പിന്തുടരുന്നത്. ഇത് ആളുകൾക്കിടയിൽ ശാരീരികമായും മാനസികമായും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. നിരവധി ആളുകളാണ് വർക്ക് ഫ്രം ഹോം രീതിക്ക് മാറ്റം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. വാക്‌സിനേഷൻ യജ്ഞങ്ങൾ വിജയം കാണുന്നത് ഇവരുടെ പ്രതീക്ഷയ്‌ക്ക് ആക്കം കൂട്ടുന്നു.
















Comments