കാബൂൾ: അഫ്ഗാനിസ്താൻ താലിബാൻ പിടിച്ചടക്കിയതിന് ശേഷം രാജ്യത്ത് പൂട്ടിയത് 153 മാദ്ധ്യമ സ്ഥാപനങ്ങളെന്ന് റിപ്പോർട്ട്. അടച്ച് പൂട്ടിയവയിൽ ടെലിവിഷൻ ചാനലുകളും പത്രങ്ങളും റോഡിയോ നിലയങ്ങളും ഓൺലൈൻ സ്ഥാപനങ്ങളും ഉൾപ്പെടുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയതിന് ശേഷം മാദ്ധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. താലിബാൻ കടന്നുകയറ്റം രാജ്യത്ത് സൃഷ്ടിച്ച അരക്ഷിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും വ്യവസായിക മാന്ദ്യവും എല്ലാം മാദ്ധ്യമസ്ഥാപനങ്ങൾ അടച്ച് പൂട്ടുന്നതിന് കാരണങ്ങളായിട്ടുണ്ട്.
നിയന്ത്രണങ്ങൾക്ക് അയവ് വരുത്തുകയും സാമ്പത്തികമാന്ദ്യം പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തില്ലെങ്കിൽ രാജ്യത്ത് കൂടുതൽ മാദ്ധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് അഫ്ഗാൻ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ് വൈസ് പ്രസിഡന്റ് ഹുജ്ജത്തുല്ലാ മുജദാദി പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ മാദ്ധ്യമരംഗത്തിന്റെ അവസ്ഥ ആശങ്കാജനകമാണ്. അന്താരാഷ്‌ട്ര സംഘടനകൾ ഇടപെട്ടില്ലെങ്കിൽ അഫ്ഗാനിസ്താനിൽ മാദ്ധ്യമസ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും പൂർണമായും ഇല്ലാതാവുമെന്ന് അഫ്ഗാൻ നാഷ്ണൽ ജേർണലിസ്റ്റ് യൂണിയൻ പ്രതിനിധി മസ്‌റൂർ ലുഫ്തി ആശങ്ക പ്രകടിപ്പിച്ചു.
മാദ്ധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് താലിബാൻ തുടരെ പറയുന്നുണ്ടെങ്കിലും ഇതിന് വേണ്ടി യാതൊരു നടപടിയും സ്വീകരിക്കാത്തത് മാദ്ധ്യമപ്രവർത്തകരെയാകെ ആസ്വസ്ഥരാക്കുന്നുണ്ട്.
Comments