തിരുവനന്തപുരം: സോളാർ ലൈംഗിക പീഡനക്കേസിൽ കോൺഗ്രസ് നേതാവായ കെ.സി വേണുഗോപാലിനെതിരായ നിർണായക ഡിജിറ്റൽ തെളിവുകൾ പരാതിക്കാരി സിബിഐക്ക് കൈമാറി.
കഴിഞ്ഞ മൂന്ന് ദിവസമായി മൊഴിയെടുപ്പ് നടക്കുകയായിരുന്നു. ഇത് പൂർണമായതിന് പിന്നാലെയാണ് പരാതിക്കാരി സിബിഐയ്‌ക്ക് ഡിജിറ്റൽ തെളിവുകൾ നൽകിയത്. പീഡന ദൃശ്യങ്ങളും ടെലിഫോൺ സംഭാഷണങ്ങളുമടങ്ങിയ ഡിജിറ്റൽ തെളിവുകളാണ് നൽകിയത്.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ തെളിവുകളും പരാതിക്കാരി സിബിഐയ്‌ക്ക് കൈമാറിയിട്ടുണ്ട്. 2012 മേയിൽ മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് പരാതിക്കാരി കൈമാറിയത്. അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി രൺധീർ സിങ്ങ് ഷഖാവത്തിനാണ് പരാതിക്കാരി രേഖകൾ കൈമാറിയത്. തെളിവുകൾ അന്വേഷണ സംഘം ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കും.
കെ.സി വേണുഗോപാൽ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് സോളാർക്കസിലെ പരാതിക്കാരിയായ യുവതി മൊഴി നൽകിയിരുന്നത്. ക്രൂര പീഡനത്തിന് ശേഷം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതായും പരാതിക്കാരി ആരോപിച്ചിരുന്നു.
കെ.സി വേണുഗോപാലിന് പുറമേ എ.പി അബ്ദുള്ളക്കുട്ടി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എംപിമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ,എ.പി അനിൽകുമാർ എംഎൽഎ എന്നിവരെ പ്രതിചേർത്താണ് കേസ്.
തന്റെ പക്കൽ തെളിവുണ്ടെന്ന് പരാതിക്കാരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് പരാതിക്കാരി തെളിവുകൾ കൈമാറാൻ തയ്യാറായിരുന്നില്ല.
















Comments