ഇസ്ലാമാബാദ്: അഫ്ഗാനിസ്താൻ വനിത ഫുട്‌ബോൾ ദേശീയ ടീം അംഗങ്ങളും കുടുംബാംഗങ്ങളും രാജ്യം വിട്ട് പാകിസ്താനിലെത്തി. വടക്ക് പടിഞ്ഞാറൻ അതിർത്തിയിലെ തോർഖം പാതയിലൂടെയാണ് ഇവർ പാകിസ്താനിലെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. താലിബാൻ അഫ്ഗാനിൽ അധികാരമേറ്റതിന് പിന്നാലെ വനിത ഫുട്‌ബോൾ ടീമിലെ എല്ലാവർക്കും പാകിസ്താൻ അടിയന്തര വിസ അനുവദിക്കുകയായിരുന്നുവെന്ന് പാകിസ്താനിലെ ദിനപ്പത്രമായ ദ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ എത്ര പേരാണ് രാജ്യത്തേക്ക് എത്തിയതെന്ന് പാകിസ്താൻ വെളിപ്പെടുത്തിയിട്ടില്ല. അഭയാർത്ഥികൾക്ക് അനുവദിക്കുന്ന അടിയന്തരവിസയാണ് വനിത താരങ്ങൾക്കും കുടുംബങ്ങൾക്കും ലഭിച്ചത്.
രാജ്യത്തെ കായികമത്സരങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിക്കില്ലെന്ന് താലിബാൻ നിലപാട് സ്വീകരിച്ചിരുന്നു. മാത്രമല്ല നേരത്തെ ഇത്തരം കായികവിനോദങ്ങളുടെ ഭാഗമായിരുന്ന സ്ത്രീകൾക്കും കുടുംബത്തിനും നേരെ താലിബാൻ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് നിന്ന് നിരവധി വനിത കായിക താരങ്ങളാണ് പലായനം ചെയ്തത്. അതേസമയം അഫ്ഗാനിസ്താനിൽ അനുവദനീയമായ നാനൂറോളം കായികവിനോദങ്ങൾ താലിബാൻ പ്രഖ്യാപിച്ചു. നീന്തൽ, സോക്കർ, കുതിരസവാരി, ഓട്ടം തുടങ്ങിയ കായിക വിനോദങ്ങൾ രാജ്യത്ത് അനുവദനീയമായിരിക്കുമെന്ന് അഫ്ഗാനിലെ പുതിയ കായിക വകുപ്പ് മേധാവി ബഷീർ അഹമ്മദ് റുസ്തംസയ് പറഞ്ഞു. അതേസമയം ഇതിൽ ഏതെങ്കിലും ഒന്നിൽ പങ്കെടുക്കാനെങ്കിലും, സ്ത്രീകൾക്ക് അനുവാദമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ‘ദയവ് ചെയ്ത് സ്ത്രീകളെ കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിക്കരുത്’ എന്ന് പറഞ്ഞുകൊണ്ടാണ് ബഷീർ അഹമ്മദ് ഈ പ്രഖ്യാപനം നടത്തിയത്.
















Comments