ന്യൂഡൽഹി: ചൈനയിൽ വീണ്ടും കൊറോണ വൈറസ് വ്യാപനം ശക്തമാകുന്നുവെന്ന് റിപ്പോർട്ടുകൾ. ഇതേ തുടർന്ന് തെക്കുകിഴക്കൻ ഫുജിയാൻ പ്രവിശ്യയിൽ ചൈന ലോക്ഡൗൺ പ്രഖ്യാപിച്ചു. കൊറോണ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം തടയാനാണ് ഫുജിയാൻ അടച്ചിടുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 4.5 ദശലക്ഷം ജനസംഖ്യയാണ് ഫുജിയാൻ പ്രവിശ്യയിലുള്ളത്.
ജിമ്മുകളും ബാറുകളും ജനക്കൂട്ടം എത്തുന്ന എല്ലാ സ്ഥലങ്ങളും പൂർണ്ണമായും അടച്ചിടാനാണ് നർദ്ദേശം. വിനോദസഞ്ചാര മേഖലകളിലും സിനിമാതിയേറ്ററുകൾ, ബാറുകൾ, ജിമ്മുകൾ, ലൈബ്രറികൾ എന്നിവയുൾപ്പെടെയുള്ള കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഫുജിയാൻ പ്രവിശ്യയിലെ മൂന്ന് നഗരങ്ങളിൽ 103 പേർക്ക് കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥികളിലെ പതിവ് പരിശോധനയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഫുജിയാനിലെ ഒരു സ്കൂൾ വിദ്യാർത്ഥിയുടെ പിതാവ് അടുത്തിടെ വിദേശത്ത് നിന്ന് തിരിച്ചെത്തിയിരുന്നു. ഇയാളിൽ നിന്നാണ് രോഗം പടർന്നതെന്നാണ് അധികൃതർ സംശയം പ്രകടിപ്പിക്കുന്നത്.
നിലവിൽ ഒരു നഗരത്തിൽ മാത്രമാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ആവശ്യമെങ്കിൽ, മറ്റ് നഗരങ്ങളിലെ സാഹചര്യം പരിഗണിച്ച്, ലോക്ക്ഡൗണിനെക്കുറിച്ച് ചിന്തിക്കും. റെസിഡൻഷ്യൽ ഏരിയകളിലും സ്കൂളുകളിലും ഫാക്ടറികളിലും രോഗം വ്യാപനം കൂടാനുള്ള സാദ്ധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല.
Comments