ബംഗളൂരു : മംഗളൂരു വിമാനത്താവളത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സ്വർണവുമായി മലയാളി പിടിയിൽ. കാസർകോട് പൂച്ചക്കാട് സ്വദേശി ജാഫർ കല്ലിങ്കലാണ് പിടിയിലായത്. രാവിലെയോടെയായിരുന്നു സംഭവം.
ദുബായിൽ നിന്നുമായിരുന്നു ഇയാൾ മംഗളൂരുവിൽ സ്വർണം എത്തിച്ചത്. ക്യാപ്‌സൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ജാഫറിനെ പിടികൂടുകയായിരുന്നു.
854 ഗ്രാം സ്വർണമാണ് യുവാവിന്റെ പക്കൽ നിന്നും പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 41 ലക്ഷം രൂപ വിലവരുമെന്നാണ് വിവരം. അതേസമയം മലദ്വാരത്തിനുള്ളിൽ ഇത്തരത്തിൽ സ്വർണം കടത്തുന്നത് ജീവൻ തന്നെ അപകടത്തിലാക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിമാനത്താവളം തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചതു മുതൽ ഇതുവഴിയുള്ള സ്വർണക്കടത്ത് പതിവാണ്. ശരീരത്തിൽ ഒളിപ്പിച്ചു കടത്തുന്ന സ്വർണം എളുപ്പത്തിൽ തിരിച്ചറിയാനാകും. എന്നാൽ ഇത് ശരീരത്തിന് പുറത്തെടുക്കുക പ്രയാസകരമാണ് . എങ്കിലും സ്വർണക്കടത്ത് സംഘങ്ങളോട് വിട്ടുവീഴ്ച ചെയ്യില്ലെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ സ്വർണം കടത്താൻ ശ്രമിച്ച അഞ്ചോളം പേരെയാണ് വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്.
















Comments