കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ ആവശ്യമായ രേഖകൾ ഇഡിയ്‌ക്ക് കൈമാറിയെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇനി വരേണ്ടതുണ്ടോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താൻ കഴിഞ്ഞുവെന്നും തെറ്റിദ്ധാരണകൾ മാറ്റാനായെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു.
ഇഡി വിളിപ്പിച്ചത് നന്നായിയെന്നും കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ അവസരം കിട്ടിതിൽ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഡിയ്‌ക്ക് മുന്നിൽ മൊഴിനൽകിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പത്രത്തെ കുറിച്ച് ഇല്ലാത്ത പല കാര്യങ്ങളും പലരും എഴുതികൊണ്ടുപോയി കൊടുത്തിട്ടുണ്ട്. അതൊക്കെ വളരെ നന്നായി സമയമെടുത്ത് ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞു എന്നാണ് വിശ്വാസം. സാക്ഷി എന്ന നിലയ്‌ക്ക് സ്റ്റേറ്റ്‌മെന്റ് എടുത്തു. അത്രമാത്രമേയുള്ളൂ എന്നും ആവശ്യമായ രേഖകളെല്ലാം കൊടുത്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കുഞ്ഞാലിക്കുട്ടി ഇ.ഡിക്ക് മുന്നിൽ ഹാജരായത്. അന്വേഷണവുമായി സഹകരിക്കുമെന്നും സാക്ഷിയായാണ് താൻ ഇ.ഡിക്ക് മുന്നിൽ എത്തിയതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
















Comments