മുംബൈ: ബൂസ്റ്റർ വാക്‌സിന്റെ പ്രധാന്യം ചർച്ചയാകുന്ന സാഹചര്യത്തിൽ അത് സ്വീകരിക്കാനുള്ള തിരക്കിലാണ് വികസിത രാജ്യങ്ങളിലുള്ളവർ. ഇരുഡോസുകൾക്ക് ശേഷം കൂടുതൽ പ്രതിരോധശക്തിക്കായി ബൂസ്റ്റർ ഷോട്ട് സഹായിക്കുമെന്ന വാദമാണ് ഇതിന്റെ അടിസ്ഥാനം. എന്നാൽ മൂന്നാം ഡോസ് നൈതികമല്ലെന്നാണ് ഇന്ത്യയിലെ പ്രധാന വാക്‌സിൻ നിർമാതാവായ സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല പറയുന്നത്.
രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസത്തിന് ശേഷം മൂന്നാം ഡോസ് (ബൂസ്റ്റർ) സ്വീകരിക്കേണ്ടത് നിർബന്ധമാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സിറസ് പൂനവാല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മകൻ അദാർ പൂനാവാലയുടെ വിപരീത പ്രതികരണം.
പിതാവിന്റെ അഭിപ്രായം രോഗം കൂടുതൽ ബാധിക്കുന്നവരെ കേന്ദ്രീകരിച്ചിട്ടുള്ളതാകാമെന്നാണ് അദാറിന്റെ വിശദീകരണം. മൂന്നാം ഡോസ് അത്യാവശ്യമാണെന്നതിന് യാതൊരു തെളിവുമില്ല. ഔദ്യോഗികമായി ഇതുവരെ നിർദേശിച്ചിട്ടുമില്ല. അതേസമയം ഫൈസർ പോലുള്ള പല വാക്‌സിൻ നിർമാതാക്കളും ബൂസ്റ്റർ ഷോട്ടിനെ അനുകൂലിച്ച് രംഗത്തുവന്നിട്ടുണ്ട്. എന്നാൽ പല രാജ്യങ്ങളിലും ആദ്യ ഡോസ് പോലും ജനങ്ങൾക്ക് ലഭിക്കാതിരിക്കുമ്പോൾ മൂന്നാം ഡോസ് നൽകി തുടങ്ങുന്നത് നൈതികമല്ലെന്ന് അദാർ പൂനവാല പ്രതികരിച്ചു.
















Comments