മുംബൈ: ടിആർപി അഴിമതിക്കേസിൽ മാദ്ധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയ്‌ക്കെതിരായ കേസ് കള്ളവും കെട്ടിച്ചമച്ചതുമെന്ന് റിപ്പബ്ലിക് ടിവി. ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് അർണബിനെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് നിർദ്ദേശിച്ചുവെന്ന മുൻ മുംബൈ പോലീസ് കമ്മീഷണർ സച്ചിൻ വാസെയുടെ മൊഴി പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണം. ‘വിവരം പുറത്തുവന്നതോടെ അർണബും റിപ്പബ്ലിക്കും വിജയിച്ചു, ഏറ്റവും പ്രധാനമായി ജനം വിജയിച്ചു’ എന്നാണ് റിപ്പബ്ലിക് ടിവി ട്വീറ്റ് ചെയ്തത്.
റിപ്പബ്ലിക് ചാനലിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന തെളിവുകളാണ് പുറത്തുവന്നത്. രാജ്യത്തെ മാദ്ധ്യമ സ്വാതന്ത്ര്യത്തിന് തന്നെ വെല്ലുവിളിയാണിത്. പുറത്തുവന്ന വിവരങ്ങൾ വിലയിരുത്തുകയാണെന്ന് ചാനൽ പ്രസ്താവനയിലൂടെ അറിയിച്ചു. ചാനലിനെതിരെയുള്ള ഗൂഢനീക്കത്തെ നിയമപരമായി നേരിടുമെന്നും നിയമവ്യവസ്ഥകളെ കുറിച്ച് പഠിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
സച്ചിൻ വാസെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് നൽകിയ മൊഴിയുടെ വിശദാംശങ്ങളായിരുന്നു പുറത്തുവന്നത്. മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ കേസിൽ ജയിലിലാണ് വാസെ. ടിആർപി കേസിൽ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടു. സമൂഹമാദ്ധ്യമങ്ങളിലെ വ്യാജ ഫോളോവർ കേസിലും അനിൽ ദേശ്മുഖ് ഇടപെട്ടെന്ന് സച്ചിൻ വാസെ പറയുന്നു.
ദേശ്മുഖിനെതിരെ അഴിമതി ആരോപണങ്ങളും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പിന്നാലെ അദ്ദേഹം രാജി വെയ്‌ക്കുകയായിരുന്നു. ദേശ്മുഖ് ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ മുംബൈയിലെ ബാറുകളിൽ നിന്നും 100 കോടി രൂപ പിരിച്ചെടുക്കാൻ അദ്ദേഹം പോലീസിനോട് നിർദ്ദേശിച്ചിരുന്നു. ഇതിനായി സച്ചിൻ വാസെയെ ചുമതലപ്പെടുത്തിക്കൊണ്ട് അദ്ദേഹം തന്റെ സ്ഥാനം ദുരുപയോഗം ചെയ്തു എന്നതാണ് കേസ്.
















Comments