കാബൂൾ: അഫ്ഗാനിലെ പുരാവസ്തുശേഖരങ്ങളും നിധികളും കണ്ടെത്തി സംരക്ഷിക്കുമെന്ന് താലിബാൻ. അഫ്ഗാൻ മേഖലയിൽ കുശാണന്മാരുടെ കാലഘട്ടത്തിലെ അമൂല്യമായ നിധി ശേഖരമാണ് നിലവിൽ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്. താലബാൻ ഭരണം പിടിക്കുമെന്നായപ്പേൾ നിധി ശേഖരം മുൻ ഭരണാധികാരികളും ഉദ്യോഗസ്ഥന്മാരും എടുത്തുകൊണ്ടുപോയോ എന്ന സംശയത്തിലാണ് സാംസ്‌ക്കാരിക വകുപ്പ്.
അഫ്ഗാനിലെ ജാവ്ജാൻ പ്രവിശ്യയിലെ ഷേർബർഖാൻ ജില്ലയിലാണ് പുരാതന ബാക്ടേരിയൻ കാലഘട്ടത്തിലെ ശേഷിപ്പുകൾ കണ്ടെത്തിയത്. ദേശീയ സ്മാരകങ്ങളും എല്ലാ പുരാതന വസ്തുക്കളും സുരക്ഷിതമായി സംരക്ഷിക്കുമെന്നാണ് ക്യാബിനറ്റ് കൾച്ചറൽ കമ്മീഷൻ മേധാവി അഹമ്മദുള്ള വാസിഖ്വ് അറിയിച്ചത്. ലോകത്തിലെ പൗരാണിക ശേഖരത്തിൽ തന്നെ ഏറ്റവുമധികം സ്വർണ്ണ നിക്ഷേപമുള്ളത് ബാക്ടേരിയൻ മേഖലയിലാണെന്നാണ് കണ്ടെത്തൽ. ഇതിൽ ഭൂരിഭാഗവും രാജ്യത്തുനിന്നും പുറത്തേക്ക് കടത്തിയേക്കാമെന്ന നിഗമനത്തിലാണ് താലിബാൻ ഭരണകൂടം.
അഫ്ഗാൻ മുൻ ഭരണകൂടം ഈ വർഷം ഫെബ്രുവരിയിലാണ് നിധി ശേഖരം പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് മാറ്റിയത്. 2001ന് മുമ്പ് അഫ്ഗാനിൽ ഭരണം പിടിച്ച താലിബാൻ അന്ന് പ്രസിദ്ധമായ ബാമിയാൻ ബുദ്ധ പ്രതിമകൾ പീരങ്കി ഉപയോഗിച്ച് തകർത്തത് ലോകം ഞെട്ടലോടെയാണ് അന്ന് കണ്ടത്.
















Comments