ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ ഡ്രോൺ കണ്ടെത്തി. പഞ്ചാബിലെ ദുർദാസ്പൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേര ബാബ നാനാക് എന്ന അതിർത്തി പ്രദേശത്താണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ ഡ്രോൺ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി 8.30നും 8.40നും ഇടയ്‌ക്കായിരുന്നു ഡ്രോൺ അതിർത്തി കടന്ന് എത്തിയതെന്ന് ബിഎസ്എഫ് അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തതോടെ ഡ്രോൺ പാകിസ്താനിലേക്ക് തന്നെ മടങ്ങി. സംഭവത്തിന് പിന്നാലെ സൈന്യം ജാഗ്രതാ നിർദേശം നൽകുകയും ദേര ബാബ നാനാക് ചെക്ക്‌പോസ്റ്റിനും സമീപ പ്രദേശങ്ങളിലുമായി തിരച്ചിൽ നടത്തുകയും ചെയ്തു.
ഓഗസ്റ്റ് മുതൽ പലപ്പോഴായി ഇത്തരത്തിൽ പാകിസ്താന്റേതെന്ന് കരുതുന്ന ഡ്രോണുകൾ അതിർത്തി കടന്ന് എത്തിയിരുന്നു. കശ്മീരിലെ കത്വക്ക് സമീപം ഹിരാനഗറിലും സാമ്പ ജില്ലയിലെ രാംഗഡ് പ്രദേശത്തും നാട്ടുകാർ ഡ്രോൺ കണ്ടെത്തി. അതിർത്തി പ്രദേശത്ത് പറക്കുന്ന വസ്തുക്കൾ എന്തുതന്നെ ശ്രദ്ധയിൽപ്പെട്ടാലും സുരക്ഷാ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.
Comments