പ്രയാഗ് രാജ്: ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയാകാൻ പ്രിയങ്ക ഗാന്ധി തയ്യാറാണോയെന്ന് വ്യക്തമാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ്. യുപി തെരഞ്ഞെടുപ്പിന് പ്രിയങ്കയെ മുൻനിർത്തി കോൺഗ്രസ് പ്രവർത്തനങ്ങൾ തുടങ്ങിയതിന് പിന്നാലെയാണ് പുതിയ ചർച്ച.
പ്രിയങ്കയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ഒരുങ്ങുന്നത്. അതുകൊണ്ടു തന്നെ പാർട്ടിയുടെ നേതൃസ്ഥാനവും മുഖ്യമന്ത്രിപദവിയും ആഗ്രഹിക്കുന്നുണ്ടോയെന്ന് അവർ തീരുമാനിക്കണം. സൽമാൻ ഖുർഷിദ് പറഞ്ഞു. പ്രയാഗ് രാജിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സൽമാൻ ഖുർഷിദ്.
പാർട്ടി ദേശീയ അദ്ധ്യക്ഷസ്ഥാനത്തെക്കുറിച്ചുളള ചോദ്യങ്ങളോട് നിലവിൽ ഒരു അദ്ധ്യക്ഷൻ കോൺഗ്രസിനുണ്ടെന്നും അതിൽ തൃപ്തരാണെന്നും പാർട്ടിക്ക് പുറത്തുളളവരാണ് അതൃപ്തരെന്നുമായിരുന്നു സൽമാൻ ഖുർഷിദിന്റെ പ്രതികരണം.
ശനിയാഴ്ച കോൺഗ്രസിന്റെ സമൂഹമാദ്ധ്യമവിഭാഗം രാഹുലിനെ പാർട്ടി പ്രസിഡന്റാക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. നേരത്തെ ഡൽഹി മഹിളാ കോൺഗ്രസും ഇതേ രീതിയിൽ പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൽമാൻ ഖുർഷിദിന്റെ അഭിപ്രായം.
യുപി തെരഞ്ഞെടുപ്പ് മുൻനിർത്തി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് പാർട്ടി മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ തുടർച്ചയായി യുപിയിലെത്തുന്ന പ്രിയങ്ക നിരവധി പരിപാടികളിൽ പങ്കെടുക്കുന്നുമുണ്ട്. അടുത്ത വർഷമാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടക്കുക. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 312 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസിന് ഏഴ് സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്.
















Comments