കർക്കിടകമാസത്തിൽ മലയാളികൾക്ക് നാലമ്പല ദർശനമെന്ന പോലെ ഉത്തരേന്ത്യയിലെ പ്രധാന തീർത്ഥാടന ടൂറിസം സർക്യൂട്ടാണ് ചാർധാം.. വിശ്വപ്രസിദ്ധമായ നാല് കേന്ദ്രങ്ങളിലേക്കുള്ള ഈ തീർത്ഥാടന യാത്രയിൽ ഉൾപ്പെടുന്നതാണ് ഗംഗോത്രി ക്ഷേത്രം.. ഹിമാലയൻ സാനുക്കളിൽ നിന്ന് പിറക്കുന്ന ഗംഗാദേവീ ഗംഗോത്രിയിൽ കുടിക്കൊള്ളുന്നുവെന്നാണ് വിശ്വാസം..
ഇന്ത്യയിലെ ഏറ്റവും പരിപാവനമായ നാല് ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥയാത്രയെന്ന നിലയിൽ പ്രതിവർഷം ലക്ഷക്കണക്കിന് പേരെത്തുന്ന ഇടമാണ് ഉത്തരാഖണ്ഡിലെ ഗംഗോത്രി.. ചാർധാം യാത്രയുടെ രണ്ടാമത്തെ ദർശനകേന്ദ്രമാണിത്. ഇവിടെ നിന്നും 18 കിലോ മീറ്റർ അകലെ ഗോമുഖ് ഗ്ലേഷിയറാണ് ഗാംഗാനദിയുടെ പ്രഭവസ്ഥാനം. സമുദ്രനിരപ്പിൽ നിന്നും 3,200 മീറ്റർ ഉയരത്തിൽ നദിയുടെ ഉത്ഭവകേന്ദ്രത്തിന് സമീപമായി ഗംഗോത്രി ക്ഷേത്രവും സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന് ആധാരമായ ഗംഗാനദിയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട പുരാണ കഥകളും ഗംഗോത്രിയോട് ചേർത്തു വായിക്കേണ്ടതാണ്.
സൂര്യവംശത്തിലെ രാജാവായിരുന്ന ഭഗീരഥൻ തന്റെ പിതാമഹൻമാരെ പുനരുജ്ജീവിപ്പിക്കാനായി കഠിന തപസ് ചെയ്തു. ഒടുവിൽ ഭഗീരഥ പ്രയത്‌നത്താൽ സ്വർഗത്തിലെ നദിയായ ഗംഗ, ഭഗവാൻ പരമശിവന്റെ ജടയിലൂടെ പ്രവഹിച്ചുവെന്നും തുടർന്ന് നദി ഭൂമിയിലേക്ക് പതിച്ചത് ഇവിടെയാണെന്നുമാണ് ഐതിഹ്യം. അങ്ങനെയാണ് ഗംഗാനദിക്ക് ഭഗീരഥി എന്ന് പേരുലഭിച്ചതെന്നും പുരാണങ്ങളിൽ പറയുന്നു.
ഭഗീരഥി നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഗംഗോത്രി ക്ഷേത്രം 18-ാം നൂറ്റാണ്ടിൽ ഗുർഖ ജനറലായിരുന്ന അമർസിങ് ഥാപ്പ പണിതുയർത്തിയെന്നാണ് ചരിത്രം. ശൈത്യക്കാലത്ത് കനത്ത മഞ്ഞുവീഴ്ചയുള്ളതിനാൽ ക്ഷേത്രം അടഞ്ഞുകിടക്കുകയാണ് പതിവ്. അതിനാൽ ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് ദർശനാനുമതിയുള്ളത്. മഞ്ഞുകാലത്ത് ദേവിയുടെ വിഗ്രഹം മുഖ്ബാ ഗ്രാമത്തിലേക്ക് മാറ്റും. ശൈത്യകാലം സമാപിക്കുന്നത് വരെ ഇവിടെയായിരിക്കും പൂജകൾ.
ഗംഗോത്രി സ്ഥിതിചെയ്യുന്ന ഡെറാഡൂൺ അടങ്ങുന്ന മേഖലയാണ് ഉത്തരകാശി. ഇന്തോ-ടിബറ്റൻ സൈനിക വിഭാഗത്തിനാണ് ഇവിടെ സുരക്ഷാ ചുമതല. ഇന്ത്യ-ചൈന അതിർത്തിയുടെ ഭാഗമെന്ന നിലയിലും ഗംഗോത്രി മേഖല വളരെ തന്ത്രപ്രധാനമായ തീർത്ഥാടന കേന്ദ്രം കൂടിയാണ്.
പതിനായിരക്കണക്കിന് വിദേശികൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് പേരാണ് മുൻ വർഷങ്ങളിൽ ഇവിടെ ദർശനം നടത്താറുള്ളത്. ഗംഗോത്രി ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്ര ഇനിയും സജീവമാകണമെങ്കിൽ കൊറോണയുടെ ഭീതിയകന്ന് രാജ്യം നിയന്ത്രണങ്ങളിൽ നിന്ന് മോചിതമാകണം.















Comments