നീണ്ട ഒന്നരവർഷകാലത്തെ ഓൺലൈൻ ക്ലാസുകൾക്ക് ശേഷം സ്‌കൂൾ തുറക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ.. കൊറോണ പ്രതിസന്ധിയിൽ അടച്ചിട്ട സ്‌കൂളുകൾ കേരളപ്പിറവി ദിനത്തിൽ തുറക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.. കൊറോണ അവലോകന യോഗത്തെ തുടർന്നുണ്ടായ ഈ നിർണായക തീരുമാനം സർക്കാരിന് പുനപരിശോധിക്കേണ്ടി വരുമോ? നിലവിലുള്ള സംവിധാനങ്ങൾക്ക് നമ്മുടെ കുരുന്നുകളെ സംരക്ഷിക്കാനാകുമോ? സുരക്ഷിതരാകുമോ അവർ വിദ്യാലയങ്ങളിൽ?
തമിഴ്നാട്, കർണാടക, ഹരിയാന, ജാർഖണ്ഡ് തുടങ്ങി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ആഴ്ചകൾക്ക് മുമ്പ് തന്നെ സ്‌കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നിരുന്നു. കൊറോണ വ്യാപനവും പ്രതിദിന രോഗികളും ഗണ്യമായി കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം പല സംസ്ഥാന സർക്കാരുകളും കൈക്കൊണ്ടത്. ഇതേസമയം കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനം. ഇന്ത്യയിലാകെ റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന രോഗികളിൽ മുക്കാൽഭാഗവും കേരളത്തിലാണെന്നതാണ് യാഥാർത്ഥ്യം. ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കൂടി കടുത്തപ്പോൾ സംസ്ഥാനത്തെ കൊറോണ മരണനിരക്കും ഉയർന്ന് തന്നെ..
ഏതാനും ആഴ്ചകൾക്ക് ശേഷം കൊറോണ വ്യാപനത്തിലുണ്ടായ കുറവാണ് പുതിയ തീരുമാനത്തിന് പിണറായി സർക്കാരിനെ പ്രേരിപ്പിച്ചത്. വൈറസ് വ്യാപനം കുറഞ്ഞ മറ്റ് സംസ്ഥാനങ്ങളിലെ പോലെ സ്‌കൂളുകൾ തുറന്നാൽ സ്ഥിതി ഗുരുതരമാകുമെന്ന് ആരോഗ്യവിദഗ്ധരിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെയിൽ രാജ്യത്ത് സ്ഥിരീകരിച്ച കൊറോണ രോഗികൾ 63 ശതമാനവും കേരളത്തിൽ നിന്നാണ്. ഈ സാഹചര്യത്തിൽ കുട്ടികളെ വിദ്യാലായങ്ങളിലേക്ക് പറഞ്ഞയക്കുന്നതിൽ രക്ഷിതാക്കളും ആശങ്കയിലാണ്.
കേരളത്തേക്കാൾ വളരെ കുറഞ്ഞ പ്രതിദിന കൊറോണ നിരക്കുള്ള തമിഴ്നാട്ടിൽ പോലും സ്‌കൂളുകൾ തുറന്നതിന് പിന്നാലെ നിരവധി കുട്ടികൾക്ക് രോഗം ബാധിച്ചിരുന്നു. ഈ സ്ഥിതി കേരളത്തിലുണ്ടായാൽ ഭവിഷത്ത് ഗുരുതരമായിരിക്കും. നിലവിൽ കൊറോണയുടെ അതിപ്രസരത്താൽ ദുരിതമനുഭവിക്കുന്ന കച്ചവടമേഖലയും സേവനരംഗവും വീണ്ടും പ്രതിസന്ധിയിലാകാൻ സർക്കാർ നീക്കം വഴിവെക്കുമെന്ന് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. എല്ലാവിധ മുൻകരുതലുകളോടും കൂടിയാണ് സ്‌കൂളുകൾ തുറക്കുകയെന്നതാണ് സർക്കാർ നിലപാട്. എന്നാൽ ഇതെത്രമാത്രം പ്രായോഗികമാണെന്നും ചിന്തിക്കേണ്ടതുണ്ട്.
ഇതിനിടെ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനമെടുത്തതും തീയ്യതി നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പ് അറിയാതെയാണെന്ന വിവരവും പുറത്തായിട്ടുണ്ട്. വിഷയത്തിൽ ആരോഗ്യവകുപ്പുമായി മാത്രമാണ് മുഖമന്ത്രി ചർച്ച നടത്തിയതെന്നും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ രഹസ്യമായി പറയുന്നു. എന്നാൽ വാർത്ത നിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയതോടെ വിവാദം പുതിയ തലത്തിലേക്ക് കടന്നു.
എല്ലാ പ്രോട്ടോകോളുകളും പാലിച്ച് കുരുന്നുകൾ വിദ്യാലയത്തിലെത്തിയാലും രക്ഷിതാക്കളുടെ മനസിലെ ഉത്കണ്ഠ ഒഴിയുന്നില്ല. വാക്സിനെടുക്കാത്ത കുട്ടികളെ സ്‌കൂളിലയച്ചാൽ രോഗബാധിതരാകുമോയെന്ന ഭയവും മാതാപിതാക്കൾക്കുണ്ട്. അദ്ധ്യാപകരും സ്‌കൂൾ ജീവനക്കാരും ഇതേ ചിന്താഗതിയുള്ളവരാണ്. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച കൂടുതൽ ചർച്ചകളിലേക്ക് വഴിവെക്കുന്നതാണ് പിണറായി സർക്കാരിന്റെ തീരുമാനം. വെബ് ഡെസ്‌ക് ജനം ടിവി ഡോട്ട് കോം.















Comments