ഡൽഹി: കൊറോണ മൂന്നാംതരംഗ വ്യാപന ഭീതിയിൽ നിൽക്കുമ്പോഴിതാ ആശങ്കപ്പെടുത്തുന്ന മറ്റൊരു വാർത്ത. ഡെങ്കിപ്പനിയുടെ രണ്ടാം തരംഗ വ്യാപനത്തിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. കൂടുതൽ അപകടകാരിയായ വകഭേദത്തിനെതിരെ സംസ്ഥാനങ്ങൾ ജാഗ്രതപാലിക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്.
ഡെങ്കിപ്പനിയുടെ ഡെൻവ് 2 വൈറസ് വകഭേദമാണ് വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. രോഗബാധിതർക്ക് ആന്തരിക രക്തസ്രാവത്തിനു സാധ്യതയുള്ളതിനാൽ ആശുപത്രികളിൽ സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം നൽകി.
ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് ഡെങ്കിപ്പനി ഉയർത്തുന്ന വെല്ലുവിളികൾ സംബന്ധിച്ച് ചർച്ച നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുപുറമേ ഗുജറാത്ത്, മധ്യപ്രദേശ്, യുപി, മഹാരാഷ്‌ട്ര, ഒഡീഷ, രാജസ്ഥാൻ എന്നിവിടങ്ങളിലാണു ഡെൻവ് 2 വിഭാഗത്തിലുള്ള ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പനി, തലവേദന, ഛർദി, ശരീരവേദന എന്നിവയാണു ഡെൻവ് 2 വൈറസ് ബാധയുടെ മറ്റു പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരെ കണ്ടെത്താനും ചികിത്സാ നടപടികൾ ഊർജിതമാക്കാനും ആവശ്യത്തിനു പരിശോധനാ കിറ്റുകളും മരുന്നുകളും സംഭരിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.
വേഗത്തിൽ പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ പ്രവർത്തകരെ ഉൾപ്പെടുത്തി സംസ്ഥാനങ്ങൾ കർമസേനകൾക്കു രൂപം നൽകണം. രോഗവ്യാപനസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും രോഗ ലക്ഷണങ്ങളെ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കണം.
വ്യാപനം തടയുന്നതിന് രോഗബാധിതരുടെ സമ്പർക്കപ്പട്ടിക തയാറാക്കണമെന്നും അടിയന്തിര സഹായത്തിന് ബന്ധപ്പെടാൻ ഹെൽപ് ഡെസ്‌കുകൾ പ്രവർത്തന സജ്ജമാക്കണമെന്നും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈഡിസ് ജനുസിലെ ഈജിപ്തി, അൽബോപിക്ട്‌സ് എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. മിതോഷ്ണ പ്രദേശങ്ങളിൽ ഈ രോഗം കൂടുതലായി കണ്ടുവരുന്നു. ശുദ്ധജലത്തിൽ മുട്ടയിടുന്ന കൊതുകുകളാണ് വൈറസ് പരത്തുന്നത്. ഒരു വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണു ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ.
Comments