ശ്രീനഗർ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജമ്മുകശ്മീരിനെ വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ക്രിഷൻ പാൽ ഗുർജർ. കശ്മീരിന്റെ വൈദ്യുത ഉത്പാദനം വർദ്ധിപ്പിക്കാൻ വിവിധ പദ്ധതികൾക്കാണ് കേന്ദ്ര സർക്കാരും കശ്മീർ ഭരണകൂടവും സംയുക്തമായി നേതൃത്വം നൽകുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു കേന്ദ്ര ഊർജ്ജവകുപ്പ് സഹമന്ത്രിയുടെ പ്രതികരണം.
സർക്കാരിന്റെ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായാണ് കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ മന്ത്രിയുടെ സന്ദർശനം. റിയാസി ജില്ലയിലെ വിവിധ പദ്ധതികളെക്കുറിച്ചും ഗുർജാർ വിലയിരുത്തി. സലാൽ വൈദ്യുത പദ്ധതി പ്രവർത്തനങ്ങളും മന്ത്രി പരിശോധിച്ചു. റോഡ്, റെയിൽവേ തുടങ്ങി കശ്മീരിൽ വിവിധ മേഖലകളിൽ പദ്ധതികൾക്ക് തുടക്കമിട്ട കേന്ദ്ര സർക്കാർ നിരവധി പ്രവർത്തനങ്ങൾക്ക് ധനസഹായം ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യവൽക്കരണത്തിലും വൈദ്യുതി നിരക്കിലെ കുതിച്ചുചാട്ടത്തിലും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. കശ്മീരിലെ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള വൈദ്യുതി വിതരണം ഉറപ്പാക്കാനാവശ്യമായ എല്ലാ ഘടകങ്ങളും പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി ഉറപ്പു നൽകി.
















Comments