കോട്ടയം : ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്‌ക്കെതിരെ അന്വേഷണം.ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണർ ബീന പി ആനന്ദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതേതുടർന്നാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടന്ന എറണാകുളം അതിരൂപത ഭൂമിയിടപാടിൽ ആണ് സർക്കാർ അന്വേഷണം നടത്തുന്നത്. അതിരൂപതയുടെ ഭൂമിയിടപാടിൽ പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുക. ഭൂമിയിടപാടിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും.
2007 സെപ്റ്റംബർ 21 രജിസ്റ്റർ ചെയ്ത് ഭൂമി ഇടപാടിലാണ് കോടികളുടെ ക്രമക്കേട് നടന്നതായി പരാതി ഉയർന്നത്. ഇത് മൂലം അതിരൂപതയ്‌ക്ക് വൻ നഷ്ടം സംഭവിച്ചത് ചൂണ്ടിക്കാട്ടി പെരുമ്പാവൂർ സ്വദേശിയാണ് അലഞ്ചേരിക്കെതിരെ പരാതിയുമായി എത്തിയത്. കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലഞ്ചേരിയും, ഇടനിലക്കാരനും, സാജു വർഗീസും സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പുറംമ്പോക്ക് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് പി സോമരാജൻ ഉത്തരവ് നൽകിയിരുന്നു. ഇതേതുടർന്നാണ് റവന്യൂ വകുപ്പിന്റെ നടപടി.
സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് റവന്യു പോലിസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട 6 അംഗ അന്വേഷണ സംഘത്തോട് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
Comments