ന്യൂഡൽഹി: ബെംഗളൂരു പോലീസ് സ്റ്റേഷൻ കലാപത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി തബ്രസിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. കർണാടക പോലീസിന്റെയും എൻഐഎയുടെയും സംയുക്ത ഓപ്പറേഷന്റെ ഭാഗമായി ചിക്ബലാപൂരിൽ നിന്നാണ് എസ്ഡിപിഐ പ്രവർത്തകനായ തബ്രസ് (35) അറസ്റ്റിലായത്.
ബെംഗളൂരു കലാപത്തിന്റെ ഗൂഢാലോചനയിൽ മുഖ്യപങ്കുവഹിച്ചിട്ടുള്ള തബ്രസ് സമൂഹമാദ്ധ്യമങ്ങൾ വഴി മറ്റുള്ളവരെയും ആക്രമണത്തിന് പ്രേരിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ വാഹനങ്ങളും പൊതുമുതലുകളും നശിപ്പിച്ചും ഇയാൾ കലാപത്തിൽ പങ്കുചേർന്നിരുന്നതായി പോലീസ് കണ്ടെത്തി.
സമൂഹമാദ്ധ്യമത്തിൽ ഇസ്ലാമിക പ്രവാചകനായ മുഹമ്മദ് നബിയെ സംബന്ധിക്കുന്ന പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ബെംഗളൂരുവിൽ കലാപങ്ങൾക്ക് തുക്കമിട്ടത്. 2020 ഓഗസ്റ്റ് 11ന് രാത്രിയായിരുന്നു സംഭവം. കോൺഗ്രസിന്റെ നിയമസഭാംഗമായ അഖന്ദ ശ്രീനിവാസിന്റെ ബന്ധുവാണ് മുഹമ്മദ് നബിയെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. തുടർന്ന് മുസ്ലീം സമുദായത്തിൽപ്പെട്ട ഒരു കൂട്ടം ജനങ്ങൾ ചേർന്ന് അഖന്ദ ശ്രീനിവാസിന്റെ വസതിയും പോലീസ് സ്റ്റേഷനും ആക്രമിച്ചു. നിരവധി വാഹനങ്ങൾ കത്തിച്ചും പൊതുമുതലുകൾ നശിപ്പിച്ചും ജനക്കൂട്ടം അക്രമം നടത്തി.
ഡിജെ ഹള്ളി പോലീസ് സ്റ്റേഷനിലും സമീപ പ്രദേശങ്ങളിലുമാണ് പ്രധാനമായും കലാപം നടന്നത്. പിറ്റേന്ന് ഓഗസ്റ്റ് 12ന് ഡിജെ ഹള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് സെപ്റ്റംബർ 21ന് എൻഐഎ ഏറ്റെടുത്തു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് 109 പേരെ പ്രതി ചേർത്ത് എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
Comments