ദിസ്പൂർ: ലോക കാണ്ടാമൃഗ ദിനത്തിൽ 2500ഓളം കാണ്ടാമൃഗ കൊമ്പുകൾ കത്തിച്ച് വ്യത്യസ്തമായ ചടങ്ങിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ആസാം. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ കാസിരംഗ ദേശീയോദ്യാനത്തിലാണ് ചടങ്ങ് നടന്നത്. ആറ് വലിയ ഗ്യാസ് ഫർണസുകളിലായി കൃത്യം 2,479 കൊമ്പുകൾ പൊതുചടങ്ങിൽ കത്തിച്ചു. കാണ്ടാമൃഗ കൊമ്പുകളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന മിത്തുകളെയും കൊമ്പുകൾക്കൊപ്പം ചാരമാക്കുകയെന്ന ഉദ്ദേശവും വ്യത്യസ്തമായ ഈ ചടങ്ങിനുണ്ടായിരുന്നു. പൊതുസ്ഥലത്ത് ചടങ്ങ് നടത്തുമെന്ന് കഴിഞ്ഞയാഴ്ച ആസാം സർക്കാർ പ്രഖ്യാംപിച്ചിരുന്നു്. ഇത്തരം വസ്തുക്കൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വേട്ടക്കാരെയും കള്ളക്കടത്തുകാരെയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യവും ആസാം വനംവകുപ്പിനുണ്ടായിരുന്നു.
ദശാബ്ദങ്ങളായി ആസാമിന്റെ ട്രഷറിയിൽ സൂക്ഷിച്ചിരുന്ന കൊമ്പുകളാണ് ഇന്ന് അഗ്നിക്കിരയായത്. പ്രായാധിക്യത്തെ തുടർന്നോ ശാരീരിക അസ്വസ്ഥതകൾ മൂലമോ വേട്ടയാടപ്പെട്ടോ കാണ്ടാമൃഗം മരിച്ചാൽ അവയുടെ കൊമ്പും അൽപം മുടിയും ശേഖരിച്ച് ട്രഷറിയിൽ സൂക്ഷിക്കുന്ന രീതിയുണ്ടായിരുന്നു. അത്തരത്തിൽ 2,623 കൊമ്പുകളാണ് ട്രഷറിയിൽ സൂക്ഷിച്ചത്. അതിൽ നിന്നും തിരഞ്ഞെടുത്ത 2,479 കൊമ്പുകൾ ഇന്ന് കത്തിക്കുകയും 94 എണ്ണം പഠനാവശ്യങ്ങൾക്കായി മാറ്റിവെക്കുകയും ചെയ്തു. ഇതിൽ ഏറ്റവും നീളം കൂടിയതും ഭാരമേറിയതുമായ രണ്ട് കൊമ്പുകൾ ഗുവാഹത്തി, ബോകഖാത് ട്രഷറിയകളിലായി പ്രദർശിപ്പിച്ചിട്ടുണ്ട്.
അനധികൃത വിപണിയിൽ ലക്ഷങ്ങൾ വിലവരുന്നതാണ് കാണ്ടാമൃഗത്തിന്റെ കൊമ്പുകൾ. ഇവ കൈവശം വെയ്‌ക്കുന്നത് സംബന്ധിച്ച് വ്യത്യസ്തങ്ങളായ വിശ്വാസങ്ങളും മിത്തുകളുമാണ് പല രാജ്യങ്ങളിലും നിലനിൽക്കുന്നത്. അർബുദം പോലുള്ള മഹാരോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്ന പരമ്പരാഗത രീതി ഇപ്പോഴും ചൈനയിൽ സജീവമാണ്. കൊമ്പ് പൊടിച്ച് ഭസ്മമാക്കി വെള്ളത്തിൽ കലക്കി കുടിച്ചാൽ പനി, വാതരോഗം, സന്ധിവാതം എന്നിവ മാറുമെന്നും വിശ്വാസമുണ്ട്. അതേസമയം വിയറ്റ്‌നാമിലെത്തിയാൽ സമൂഹത്തിലെ ഉയർത്ത സ്ഥാനത്തെ സൂചിപ്പിക്കുന്ന ചിഹ്നമായാണ് കാണ്ടാമൃഗ കൊമ്പുകളെ പ്രദർശിപ്പിക്കുന്നത്. അതിനാൽ കാണ്ടാമഗൃ കൊമ്പുകൾക്ക് ആഗോളതലത്തിൽ ആവശ്യക്കാർ ഏറെയാണ്. ഇത്തരം വിശ്വാസങ്ങൾ ഇവയെ വേട്ടയാടുന്നതിലേക്കും കൊലപ്പെടുന്നതിലേക്കും നയിച്ചിരുന്നു. ഇതിനെതിരെയുള്ള ശക്തമായ ബോധവത്കരണവും പ്രതിഷേധവും കൂടിയാണ് സർക്കാരിന്റെ കൊമ്പു കത്തിക്കൽ ചടങ്ങ്.
ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുള്ളത് ആസാമിലാണ്. കാസിരംഗ, മാനസ് ദേശീയോദ്യാനങ്ങളിലായി 2,600ഓളം കാണ്ടാമൃഗങ്ങളുണ്ട്. കാണ്ടാമൃഗത്തിന്റെ കൊമ്പ് ജീവിച്ചിരിക്കവേ മുറിയുകയോ പൊട്ടുകയോ പിഴുതെടുക്കുകയോ ചെയ്താൽ തൽസ്ഥാനത്ത് പുതിയ കൊമ്പ് മുളയ്‌ക്കുകയില്ലെന്നാണ് ശാസ്ത്രലോകം പറയുന്നു. കിലോയ്‌ക്ക് 65,000 ഡോളർ വരെ വില നൽകി കൊമ്പുകൾ കൈവശപ്പെടുത്താൻ ശ്രമിക്കുന്നവർ ഉണ്ടെന്നാണ് വിവരം.
















Comments