ഇൻഡോർ: യുപിയുടെ മാതൃകയിൽ മാഫിയകൾ കൈയേറിയ ഭൂമി തിരികെ പിടിച്ച് മദ്ധ്യപ്രദേശ് സർക്കാരും. ഇൻഡോർ നഗരത്തിൽ മാഫിയകൾ കൈയ്യടക്കിയ 1000 കോടിയുടെ ഭൂമികോർപറേഷൻ അധികൃതർ കണ്ടുകെട്ടി. സർക്കാരിന്റെ മാഫിയ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് നടപടി.
വെളളിയാഴ്ച രാവിലെ അഞ്ചിന് നഗരസഭാ ഉദ്യോഗസ്ഥരും പോലീസും അടങ്ങിയ സംഘം എത്തിയാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്. കൈയേറ്റ ഭൂമിയിൽ സ്ഥാപിച്ച അനധികൃത കെട്ടിങ്ങൾ ഇടിച്ചു നിരത്തി. മാഫിയ തലവൻമാരായ സൊഹ്റാബ് പട്ടേൽ, യൂനസ് പട്ടേൽ എന്നിവർ കൈയേറിയ സ്ഥലങ്ങളാണ് ഒഴിപ്പിച്ചതെന്ന് അഡീഷണൽ കലക്ടർ മജിസ്ട്രേറ്റ് പവൻ ജയിൻ പറഞ്ഞു.
ഒഴിപ്പിച്ച സ്ഥലം സർക്കാർ ഏറ്റെടുത്തു. അനധികൃതമായി പണിത കെട്ടിടങ്ങളിൽ ഓഫീസുകൾ, കടകൾ, ഹോട്ടലുകൾ, കല്യാണ ഹാളുകൾ എന്നിവ പ്രവർത്തിച്ചിരുന്നു. വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന വാടക മാഫിയപ്രവർത്തനങ്ങൾക്കായാണ് ഉപയാഗിച്ചിരുന്നത്. ഇവിടെ 80ഓളം കടകൾ അനധികൃതമായി പ്രവർത്തിച്ചിരുന്നു.
പോലീസുകാരും നഗരസഭാ ജീവനക്കാരും ഉൾപ്പെടെ 200ഓളം പേരാണ് ഒഴിപ്പിക്കലിന് നേതൃത്വം നൽകിയത്. കൈയേറ്റത്തെ കുറിച്ച് കൂടുതൽ അന്വഷണം പുരോഗമിക്കുകയയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ മാഫിയകൾക്കെതിരെ കടുത്ത നടപടിയാണ് നടത്തി കൊണ്ടിരിക്കുന്നത്. മാഫിയകളുടെ കൈവശമിരുന്ന 1800 കോടിയിലധികം രൂപ വിലയുളള ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുകയും സർക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. നിരവധി ഗുണ്ടകൾ പോലീസുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തു.
Comments