ന്യൂഡൽഹി: നക്‌സൽ ആക്രമണം നേരിടുന്ന പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യമന്ത്രി അമിത് ഷാ ഞായറാഴ്ച ഉന്നതതല യോഗം ചേരും. സംസ്ഥാനങ്ങളുടെ സുരക്ഷിതമായ ഭാവിയെക്കുറിച്ചാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ അരവിന്ദ് കുമാർ, ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇതിൽ പങ്കെടുക്കും.
വിജ്ഞാൻ ഭവനിൽ വെച്ച് നടക്കുന്ന യോഗത്തിൽ ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ബീഹാർ, ഒഡീഷ, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, കേരളം, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യും.
എല്ലാവർഷവും നക്‌സൽ ആക്രമണത്തെ കുറിച്ച് വിവിധ സംസ്ഥാനങ്ങുമായി യോഗം സംഘടിപ്പിക്കാറുണ്ട്. എന്നാൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം യോഗം ചേരാനായില്ല.
ഈ വർഷത്തെ യോഗത്തിൽ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രമാരോ, അവരുടെ പ്രതിനിധികളോ പങ്കെടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. നക്‌സൽ ആക്രമണം കൂടുതലായി നടക്കുന്ന ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ബീഹാർ, ഒഡീഷ, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളെ പ്രത്യേകമായി നിരീക്ഷിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഈ സംസ്ഥാനങ്ങളിൽ കൂടുതൽ സേനയെ വിന്യസിക്കും. നക്‌സൽ തലവന്മാരെ പിടികൂടി, അവരെ നല്ല നടത്തിപ്പിലേയ്‌ക്ക് കൊണ്ടുവന്ന് സംസ്ഥാനങ്ങളിൽ സാമാധാനം പുനസ്ഥാപിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
യോഗത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവർ പങ്കെടുക്കുമെന്ന് അറിയിച്ചു. പശ്ചിമ ബംഗാളിൽ നിന്നും മുഖ്യമന്ത്രിയുടെ പ്രതിനിധിയായിരിക്കും എത്തുക. മറ്റ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല.
നക്‌സൽ ഭീകരരുടെ ചില നേതാക്കൾ കൊറോണ മൂലം മരണപ്പെട്ടു. മാത്രമല്ല, ഇവരെ തകർക്കുന്നതിനായി 300ഓളം ആക്രമണങ്ങൾ സേന നടത്തിയിരുന്നു. ഇതിനെ തുടർന്ന ഭീകരരുടെ അക്രമണങ്ങൾ കുറഞ്ഞെന്നും നേതാക്കളുടെ അഭാവത്താൽ ഇവർക്കിടയിൽ ഭിന്നത രൂപപ്പെട്ടതായും സേന അറിയിച്ചു.
Comments