മലപ്പുറം: തുവ്വൂരിൽ നടന്നത് മതവിചാരണയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ വത്സൻ തില്ലങ്കേരി. മത പരിവർത്തനം ആവശ്യപ്പെട്ടുവെന്നും ഇസ്ലാം വേണോ മരണം വേണോ എന്നായിരുന്നു ചോദ്യമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. 1921 സെപ്തംബർ 25ന് സ്വധർമ്മത്തിൽ ഉറച്ചു നിന്നവരുടെ കുരുതിയാണ് നടന്നത്. പച്ച മനുഷ്യരെ തലവെട്ടി കൊന്ന ഒരു സംഭവവും രേഖപ്പെടുത്താൻ മതേതര ചരിത്രകാരന്മാർ തയാറായില്ലെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. തുവ്വൂരിലെ രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാരെ ന്യയീകരിക്കണ്ട ഒരു ഉത്തരവാദിത്വവും ഇല്ലെന്നും എന്നാൽ വസ്തുത വസ്തുതയായി തന്നെ പറയണമെന്നും വത്സൻ തില്ലങ്കേരി കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യ സമരമെന്നും കാർഷിക കലാപമെന്നും ചിത്രീകരിച്ച് കലാപ ചരിത്രത്തെ തെറ്റായി അവതരിപ്പിക്കുകയാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെ കലാപഹാരികളുടെ മുന്നിലേക്ക് ഇട്ടുകൊടുക്കുകയായിരുന്നു. കലാപത്തെ വെള്ളപൂശാനും ന്യായീകരിക്കാനും കോൺഗ്രസിന് എങ്ങനെ സാധിക്കുന്നുവെന്നും വത്സൻ തില്ലങ്കേരി ചോദിച്ചു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിയാൻ ലീഗും സർക്കാരും സിപിഎമ്മും മത്സരിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവർക്ക് കൊടുക്കുന്ന പെൻഷൻ കലാപകാരികൾക്ക് നൽകുന്നു. സിപിഐയും മുസ്ലീം ലീഗും ഇതിനായി പാർലിമെന്റിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അന്ന് കോൺഗ്രസ് സർക്കാർ നിഷേധിച്ചുവെന്നും എന്നാൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങി മുസ്ലിം ലീഗിന്റെ തിണ്ണ ബലം കൊണ്ട് നേടിയെടുക്കുകയായിരുന്നുവെന്നും തില്ലങ്കേരി വിമർശിച്ചു.
















Comments