തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ സ്‌കൂളുകൾ തുറക്കാനിരിക്കെ പോലീസ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും തങ്ങളുടെ അധികാരപരിധിയിലുളള സ്‌കൂളുകളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷ, ആരോഗ്യ പ്രശ്‌നങ്ങൾ ചർച്ച ചെയ്യണമെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.
സ്‌കൂൾ മാനേജ്‌മെൻറുമായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ചർച്ച നടത്തും. സ്‌കൂൾ ബസുകൾ നല്ല കണ്ടീഷനാണെന്ന് ഉറപ്പാക്കും. അറ്റകുറ്റപ്പണികൾ ആവശ്യമെങ്കിൽ ഒക്ടോബർ 20 ന് മുമ്പ് പൂർത്തിയാക്കണം. പത്ത് വർഷത്തിലധികം പ്രവർത്തന പരിചയമുളളവരെ മാത്രമേ സ്‌കൂൾ വാഹനങ്ങൾ ഓടിക്കാൻ നിയോഗിക്കാവൂ. സ്‌കൂൾ ബസുകളിൽ സ്പീഡ് ഗവർണർ സ്ഥാപിക്കണം. ഇത്തരം കാര്യങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ സഹായവും തേടേണ്ടതാണ്.
സ്‌കൂൾ വാഹനങ്ങൾ എല്ലാവിധ കൊറോണ മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ സ്‌കൂൾ കുട്ടികളുമായി യാത്ര ചെയ്യാൻ അനുവദിക്കാവൂ എന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. എല്ലാ വിദ്യാലയങ്ങളും ഒരു അദ്ധ്യാപകനെ സ്‌കൂൾ സേഫ്റ്റി ഓഫീസറായി നിയോഗിക്കണം. സ്റ്റേഷൻ ഹൗസ് ഓഫീസർ സ്ഥിരമായി സ്‌കൂളുകൾ സന്ദർശിച്ച് നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ജില്ലാ പോലീസ് മേധാവിമാർ എല്ലാ ദിവസവും നിർദ്ദേശങ്ങൾ വിലയിരുത്തണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.
















Comments