ഇസ്ലാമാബാദ്: യുഎൻ പൊതുസഭയിൽ അഫ്ഗാനിലെ താലിബാൻ സർക്കാരിന് വേണ്ടി വാദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഫ്ഗാനിലെ നിലവിലെ സർക്കാരിനെ സ്ഥിരപ്പെടുത്താനും ശക്തമാക്കാനും അന്താരാഷ്‌ട്ര സമൂഹം ഒരുമിക്കണമെന്ന് പാകിസ്താൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. അഫ്ഗാനെ അസ്ഥിരപ്പെടുത്തുന്നതും കുഴപ്പങ്ങൾ തുടരുന്നതും കൂടുതൽ അന്താരാഷ്‌ട്ര തീവ്രവാദികളെ സൃഷ്ടിക്കുക മാത്രമേ ചെയ്യൂവെന്ന് ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി.
അഫ്ഗാനെ ഈ സാഹചര്യത്തിൽ അവഗണിക്കരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇമ്രാൻ ഖാന്റെ വാക്കുകൾ. വെർച്വൽ രീതിയിലായിരുന്നു ഇമ്രാൻ ഖാൻ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തത്. അഫ്ഗാനെ അവഗണിച്ചാൽ പ്രത്യാഘാതമുണ്ടാകുന്നത് അയൽക്കാർക്ക് മാത്രമാകില്ല, ലോകത്തിന് മുഴുവൻ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരും. അഫ്ഗാനിൽ പൗരാവകാശങ്ങളെ മാനിക്കുമെന്ന താലിബാന്റെ വാഗ്ദാനവും പാക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
യുഎൻ കണക്ക് പ്രകാരം നിലവിൽ അൻപത് ശതമാനത്തോളം അഫ്ഗാനികൾ ഈ ഭരണമാറ്റത്തിന്റെ കെടുതികൾ അനുഭവിക്കുന്നുണ്ട്. മാനുഷീകമായ സഹായങ്ങൾ അഫ്ഗാനിൽ എത്താതിരുന്നാൽ അടുത്ത വർഷത്തോടെ 90 ശതമാനം ആളുകളും ദാരിദ്ര്യരേഖയ്‌ക്ക് താഴെയാകുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. അതുകൊണ്ടു തന്നെ ഈ നിർണായക സമയത്ത് സമയം പാഴാക്കരുതെന്നും ഇമ്രാൻ ഖാൻ പറയുന്നു.
അഫ്ഗാൻ വിഷയവുമായി ബന്ധപ്പെട്ട് യുഎസിലും യൂറോപ്പിലും പാകിസ്താനെതിരെ ഉയർന്ന ആരോപണങ്ങൾക്കും ഇമ്രാൻ ഖാൻ മറുപടി നൽകി. യുഎസിലെയും യൂറോപ്പിലെയും ചില നേതാക്കൾ പാകിസ്താനെ കുറ്റപ്പെടുത്തി. പക്ഷെ 9/11 ആക്രമണത്തിന് ശേഷം അഫ്ഗാന് പിന്നാലെ ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ നഷ്ടങ്ങൾ നേരിട്ട രാജ്യമാണ് പാകിസ്താനെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അഫ്ഗാൻ പിടിച്ചെടുക്കാൻ താലിബാൻ പോരാളികൾക്ക് പാക് സൈന്യത്തിന്റെ സഹായം ലഭിച്ചതായി ആരോപണം ഉയർന്നിരുന്നു. പഞ്ച്ശിറിൽ ഉൾപ്പെടെ ഈ സഹായങ്ങൾക്ക് തെളിവുകളും പുറത്തുവന്നിരുന്നു.
ഇന്ത്യയിൽ സമാധാനം പുലരണമെന്നാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്ന് പരാമർശിച്ചുകൊണ്ടാണ് കശ്മീർ വിഷയം ഇമ്രാൻ ഖാൻ സൂചിപ്പിച്ചത്. ദക്ഷിണേഷ്യയിലെ സുസ്ഥിരമായ സമാധാനം കശ്മീർ തർക്കത്തിലെ പരിഹാരത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.
















Comments