ഗാസിയാബാദ്: കൂടത്തായി മോഡൽ കൂട്ടക്കൊല ഡൽഹിയിലും. 20 വർഷത്തിനിടെ കുടുംബത്തിലെ അഞ്ച് പേരയാണ് യുവാവ് കൊന്നൊടുക്കിയത്. ഗാസിയാബാദിലെ മുറാദ് നഗറിലാണ് സംഭവം. ലീലു ത്യാഗി എന്നയാണ് കൊലപാതക പരമ്പരയ്‌ക്ക് പിന്നിൽ. ഇയാളേയും സഹായികളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 20 കോടി മൂല്യം വരുന്ന കുടുംബ സ്വത്ത് കൈക്കലാക്കാൻ വേണ്ടിയാണ് കൊലപാതകമെന്ന് ലീലു കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.
ലീലു ത്യാഗിയുടെ അനന്തരവൻ രേഷു ത്യാഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് 20 വർഷം മുൻപ് നടന്ന കൊലപാതകങ്ങളുടെ ചുരുളഴിയിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് 24 വയസ്സുകാരനായ രേഷുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കാറിൽവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിൽ തള്ളുകയായിരുന്നു. ഓഗസ്റ്റ് 15ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ട വിവരം പുറത്തുവരുന്നത്.
കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് 45 വയസ്സുകാരനായ ലീലു ത്യാഗിയെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കഴിഞ്ഞ 20 വർഷത്തിനിടയിൽ സഹോദരൻ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിക്കുകയായിരുന്നു. കുടുംബസ്വത്ത് തന്റെ 19 വയസ്സുള്ള മകന് ലഭിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. രേഷുവിനെ കാണാതായതിൽ പരാതി നൽകുന്നതിൽ നിന്നും കുടുംബത്തെ വിലക്കാൻ ലീലു ശ്രമിച്ചിരുന്നു.
രേഷു അസ്വസ്ഥനായിരുന്നുവെന്നും നാട് വിട്ട് പോയതാണെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. രേഷുവിന്റെ ദുരൂഹമരണത്തിനിടെയുള്ള അന്വേഷണത്തിനിടെയാണ് കുടുംബത്തിൽ നാല് പേർ കൂടി ദുരൂഹസാഹചര്യത്തിൽ മരിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ലീലുവിന്റെ കൂട്ടാളിയായ ത്യാഗി, രാഹുൽ എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.
20 വർഷങ്ങൾക്ക് മുൻപ് 2001ൽ സ്വന്തം സഹോദരനെയാണ് ലീലു ആദ്യം കൊല്ലുന്നത്. വാടകക്കൊലയാളികളെ ഉപയോഗിച്ചായിരുന്നു സഹോദരൻ സുധീർ ത്യാഗിയെ കൊലപ്പെടുത്തുന്നത്. ഇതിന് ശേഷം സുധീർ നാടുവിട്ടുപോയെന്ന് ബന്ധുക്കളെ എല്ലാവരേയും പറഞ്ഞ് വിശ്വസിപ്പിച്ചു. സഹോദരനെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ഭാര്യയെ ലീലു വിവാഹം ചെയ്തു. 2001ൽ തന്നെയായിരുന്നു വിവാഹവും.
വിവാഹത്തിന് പിന്നാലെ സുധീറിന്റെ രണ്ട് പെൺമക്കളേയും ലീലു കൊലപ്പെടുത്തി. 2006ലാണ് ഇതിൽ ഒരു കൊലപാതകം നടക്കുന്നത്. ആദ്യം ഇളയ മകൾക്ക് വിഷം നൽകി കൊലപ്പെടുത്തി. മൂന്ന് വർഷത്തിന് ശേഷം 2009ൽ മൂത്ത മകളേയും കൊലപ്പെടുത്തി. മൂത്ത മകളുടെ മൃതദേഹം പുഴയിൽ ഒഴുക്കിക്കളഞ്ഞതായും ലീലു പോലീസിനോട് വിശദീകരിച്ചു.
2013ലായിരുന്നു അടുത്ത കൊലപാതകം. ലീലുവിന്റെ മറ്റൊരു സഹോദരനായ ബ്രിജേഷ് ത്യാഗിയുടെ എട്ട് വയസുള്ള ഇളയ മകനെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഈ മൃതദേഹവും പുഴയിൽ ഒഴുക്കുകായയിരുന്നു. ബ്രിജേഷിന്റെ മൂത്ത മകനായ രേഷുവിനെയാണ് അവസാനം കൊലപ്പെടുത്തുന്നത്. ഈ കേസ് അന്വേഷിക്കുന്ന പോലീസാണ് നാല് കൊലപാതകങ്ങളും പുറത്തുകൊണ്ടുവരുന്നത്. അവകാശികൾ മുഴുവൻ ഇല്ലാതായാൽ സ്വത്ത് തന്റെ മകന് ലഭിക്കുമെന്ന കണക്കുകൂട്ടലാണ് കണക്കുകൂട്ടലാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
















Comments