ഗുവാഹത്തി: അസമിൽ ബംഗ്ലാദേശി കുടിയേറ്റക്കാർ കൈയേറിയത് 30,285 ചതുരശ്ര മൈൽ ഭൂമി. അതായത് സംസ്ഥാനത്തിന്റെ 20 ശതമാനം പ്രദേശം ഇന്ന് ബംഗ്ലാദേശികൾ അനധികൃതമായി കൈവശം വച്ചിരിക്കുകയാണ്. അസമിലെ ഗോത്ര വിഭാഗങ്ങൾക്ക് അർഹതപ്പെട്ട ഭൂമിയാണ് ബംഗ്ലാദേശികൾ സ്വന്തമാക്കിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വാഗ്ദാനം കൈയേറ്റം ഒഴിപ്പിച്ച് ഭൂമി അവകാശികൾക്ക് കൈമാറുമെന്നായിരുന്നു. അതിനുളള നടപടികളാണ് ഇപ്പോൾ മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയുടെ നേതൃത്വത്തിൽ നടക്കുന്നത്. നിരവധി പ്രദേശങ്ങളിൽ കൈയേറ്റം ഒഴിപ്പിച്ച് ഭൂമി തിരിച്ച് പിടിച്ചു കൊണ്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ.
ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകിയ ശേഷം സമാധാനപരമായാണ് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നത്. അതിനിടെയാണ് കഴിഞ്ഞ ദിവസം ഡാരംഗ് ജില്ലയിലെ സിപ്ജഹാറിൽ അനധികൃത കുടിയേറ്റക്കാർ പോലീസിനെ ആക്രമിക്കുകയും തുടർന്നുണ്ടായ വെടിവെയ്പ്പിൽ രണ്ട് അക്രമകാരികൾ കൊല്ലപ്പെടുകയും ചെയ്തത്. ഈ കലാപത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്നാണ് ആസം സർക്കാർ സംശയിക്കുന്നത്.
ഇന്ത്യൻ മുജാഹിദ്ദീൻ നിരോധിച്ചതിനുശേഷം, അസമിലെ കുടിയേറ്റ മുസ്ലീങ്ങൾക്കിടയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം സജീവമാണ്. ഈ സ്ഥലങ്ങൾ മയക്കുമരുന്ന് കള്ളക്കടത്തിന്റെയും വിവിധ നിയമവിരുദ്ധവും ദേശവിരുദ്ധ പ്രവർത്തനങ്ങളുടെയും പ്രഭവകേന്ദ്രമാണ്. പരിശീലനം ലഭിച്ചവരാണ് പോലീസിനു നേരെ ആക്രമണം ആസൂത്രണം ചെയ്തതെന്ന് ഉന്നത പോലീസ് വൃത്തങ്ങളും പറഞ്ഞു.
കുടിയേറ്റക്കാർ ഡാരംഗ് ഡെപ്യൂട്ടി കമ്മീഷണർ, പോലീസ് സൂപ്രണ്ട് എന്നിവരുമായി ചർച്ച ചെയ്ത ശേഷം സ്ഥലം ഒഴിയാൻ സമ്മതിച്ചു. യോഗം നടക്കുന്നതിനിടെ ചില അക്രമികൾ പോലീസിനെ ആക്രമിക്കുകയും കല്ലെറിയുകയുമായിരുന്നു. പോലീസ് സ്വയംരക്ഷയ്‌ക്ക് വേണ്ടി നടത്തിയ പ്രതിരോധമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്ന് ഡാരംഗ് എസ്പി ശുശാന്ത ബിശ്വശർമ്മ പറഞ്ഞു.
സംസ്ഥാനസർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശികൾ, ഗോത്ര വർഗക്കാരുടെ മാത്രമല്ല നിരവധി സർക്കാർ ഭൂമിയും കൈയേറിയിട്ടുണ്ട്. ഇതെല്ലാം മണ്ണിന്റെ മക്കളായ ഗോത്ര വിഭാഗങ്ങളും കുടിയേറ്റക്കാരും തമ്മിൽ നിരന്തരം സംഘർഷത്തിന് കാരണമായിട്ടുണ്ട്. ഇരു വിഭാഗങ്ങളും തമ്മിലുളള നിരവധി കലാപങ്ങളും അസമിൽ പൊട്ടിപുറപ്പെട്ടിട്ടുണ്ട്.
അസമിലേക്ക് നുഴഞ്ഞ് കയറിയ ബംഗ്ലാദേശികൾ ഇന്ന് ഇന്ത്യക്കാർ എന്ന് അവകാശപ്പെടുകയാണെന്ന് സാമൂഹിക പ്രവർത്തകൻ ശ്യാംകനു മഹന്ത പറഞ്ഞു. ഓഗസ്റ്റിൽ അനധികൃത ഭൂമിയിൽ നിന്ന് കുടിയിറക്കപ്പെട്ട 200 ഓളം കുടുബങ്ങൾ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചു. ഇതിന് മറുപടിയായി സർക്കാർ സ്ഥലത്ത് നിന്നാണ് ഇവരെ കുടിയൊഴിപ്പിച്ചതെന്ന് അസം ഭരണകൂടം കോടതിയിൽ വ്യക്തമാക്കി. ഇതിന് എതിർസത്യവാങ്മൂലം സമർപ്പിക്കാൻ കൈയേറ്റക്കാർക്ക് കഴിഞ്ഞിട്ടില്ല.
കൈയേറ്റക്കാരെ ഒഴിപ്പിച്ച ഭൂമി സാമ്പത്തിക മേഖലയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒഴിഞ്ഞു പോകുന്ന കൈയേറ്റക്കാർക്ക് പകരം ഭൂമി നൽകുമെന്നും സർക്കാർ വ്യക്തമാക്കി. ഇപ്പോൾ കുറച്ച് പ്രദേശത്ത് നിന്ന് മാത്രമാണ് ഒഴിപ്പിക്കൽ നടന്നിട്ടുളളത്. കൈയേറ്റക്കാരിൽ നിന്ന് മുഴുവൻ ഭൂമിയും പിടിച്ചെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എത്ര എതിർപ്പുണ്ടായാലും നടപടിയുമായി മുന്നോട്ട് പോകാനാണ് ഹിമന്ത ബിശ്വശർമ്മ സർക്കാരിന്റെ തീരുമാനം.
Comments