കല്ലുകൾ കഥപറയുന്ന നാടാണ് തമിഴ്നാട്ടിലെ മഹാബലിപുരം. കാഞ്ചീപുരം ജില്ലയിലെ ഈ പുരാതന നഗരത്തിന് നൂറ്റാണ്ടുകൾക്ക് മുൻപുള്ള ചരിത്രം പറയാനുണ്ട്. കരിങ്കൽ ശിൽപങ്ങളും പുണ്യപുരാതനമായ ക്ഷേത്ര സമുച്ചയങ്ങളും മനോഹരമായ കടൽത്തീരവും കഥ പറയുന്ന കലാനഗരം കൂടിയാണ് മഹാബലി പുരം. ഏഴാം നൂറ്റാണ്ടിലെ പ്രശസ്തമായ ‘പല്ലവ’ രാജവംശത്തിന്റെ തുറമുഖനഗരമായിരുന്നു ഈപ്രദേശം. ഇവിടുത്തെ ഭരണാധികാരിയായിരുന്ന പല്ലവ രാജാവ് മാമല്ലന്റെ പേരുമായി ബന്ധപ്പെടുത്തി മാമല്ലപുരം എന്നും അറിയപ്പെടുന്നു. യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപെട്ടിട്ടുള്ള പ്രദേശം കൂടിയാണ് മഹാബലിപുരം
പല്ലവ രാജവംശകാലഘട്ടത്തിലെ ശിൽപകലാ പ്രാവീണ്യത്തിന്റെ ആഴവും പരപ്പും പറഞ്ഞു തരുന്ന നഗരം കൂടിയാണ് മഹാബലി പുരം. പഞ്ചപാണ്ഡവരുടെയും ദ്രൗപതിയുടെയും നാമധേയം നൽകി ഏക ശിലയിൽ തീർത്ത രഥങ്ങൾ കലാസംപുഷ്ടമായ പൗരാണിക കാലത്തെ ഓർമ്മപ്പെടുത്തും.
ഭഗീരഥൻ സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഒഴുക്കി കൊണ്ടു വന്ന ഗംഗയുടെ ശിൽപാവിഷ്‌കാരവും തിരുക്കടൽ മലൈ വൈഷ്ണവ ക്ഷേത്രവും
വരാഹ ഗുഹാക്ഷേത്രവും കാലാ-സാംസ്‌കാരിക പാരമ്പര്യത്തിന്റെ നേർകാഴ്ചകൾ തന്നെ. ശിൽപനഗരിയിലേയ്‌ക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നത് തിരുക്കടൽ മല്ലൈ എന്നറിയപ്പെടുന്ന ശിവക്ഷേത്രമാണ്. ശിൽപങ്ങൾ കടൽകാറ്റേറ്റും കൊടും വെയിലിലും നശിച്ചുപോകാതിരിക്കാൻ രാജഭരണകാലത്തുതന്നെ നിർമിച്ചാണ് ഈ ക്ഷേത്രം.
ഉദയ സൂര്യന്റെ ആദ്യകിരണങ്ങൾ പതിക്കുന്ന തരത്തിൽ പണികഴിച്ച ഷോർ ടെമ്പിളിന്റെ വാസ്തുവിദ്യ ആധുനിക ആർക്കിട്ടെക്ചറിനെപ്പോലും വെല്ലുന്നതാണ്. ശാസ്ത്ര ലോകത്തിന് അത്ഭുതമായി കൃഷ്ണാ ബട്ടർബോൾ പ്രകൃതി ഒരുക്കിയ വിസ്മയം തന്നെ.പല്ലവ സംസ്‌കാരം ലോകത്തിന് സമ്മാനിച്ച ആദിദ്രാവിഡ വാസ്തു ശൈലിയുടെ മഹത്തായ ശേഷിപ്പുകളാണ് ഇവിടത്തെ ഒരോ കാഴ്ചകളും.
ഒറ്റക്കല്ലിൽ കൊത്തിയ ഭീമൻ ഗജകേസരിയും കുട്ടിക്കൊമ്പൻമാരും കുറെ ചെറു ശിൽപങ്ങളുമായി ഒരുക്കിയ ഗണേശ മണ്ഡപം ശിൽപല കലയുടെ മഹത്തായ പാരമ്പര്യം വിളിച്ചോതുന്നു. ഒറ്റപ്പാറ തുരന്നും കൊത്തിയുമെല്ലാം ഒരുക്കിയ മഹിഷാസുര മർദിനി ഗുഹാ ക്ഷേത്രവും അതിനു മുകളിൽ ഒരുക്കിയ ചെറു ക്ഷേത്രരൂപവും സന്ദർശകൾക്ക് വേറിട്ട കാഴ്ചാനുഭവം പ്രദാനം ചെയ്യും. കടൽക്കാറ്റും മഴയും വെയിലും കൊണ്ടിട്ടും കാലങ്ങൾ വളരെ വേഗം ഓടിമറഞ്ഞിട്ടൂം മഹാബലിപുരത്തിലെ ശില്പകലകൾക്ക് ഇന്നും കോട്ടം സംഭവിച്ചിട്ടില്ല . കാരണം ഓരോ ശിൽപ്പങ്ങളിലും അതി സൂക്ഷ്മമായി മഴച്ചാലുകൾ സൃഷ്ടിച്ച് കാലപ്രയാണത്തിൽ നിന്ന് അവയെ നമ്മുടെ പൂർവ്വികർ കാത്തു സൂക്ഷിച്ചിരിക്കുകയാണ്.
ഇവിടുത്തെ മുപ്പത്തിരണ്ടോളം വരുന്ന ക്ഷേത്രനിർമിതികളെ യുനെസ്‌കൊ ഒറ്റ ഗ്രൂപ്പായി പരിഗണിച്ച് 1984 ൽ ലോക പൈതൃക പട്ടികയിൽ പെടുത്തിയിട്ടുണ്ട്.ഇവയെല്ലാം തന്നെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിപാലനത്തിലും മേൽനോട്ടത്തിലുമാണ് നടന്നുപോകുന്നത്.
ഏഴാം നൂറ്റാണ്ടു മുതൽ ഒമ്പതാം നൂറ്റാണ്ടു വരെയുള്ള ദ്രാവിഡസംസ്‌കൃതിയുടെ മുന്നേറ്റമാണ് ഇവിടുത്തെ ഒരോ കല്ലിലും കൊത്തി വെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കല്ലിൽ കൊത്തിവെച്ച ചരിത്രത്തിന്റെ നാട് എന്ന വിശേഷണമായിരിക്കും മഹാബലിപുരത്തിന് കൂടുതൽ ചേരുക.















Comments