ന്യൂഡൽഹി: ഡൽഹിയിലെ പുതിയ പാർലമെൻറ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കെട്ടിട നിർമ്മാണ തൊഴിലാളികളോടും പ്രധാനമന്ത്രി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പ്രധാനമന്ത്രി ഇന്ന് രാത്രി 8.45 ഓടെ ന്യൂഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ സ്ഥലത്ത് എത്തിയത് .
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് മുന്‍കൂട്ടിയുള്ള അറിയിപ്പുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഉണ്ടായിരുന്നില്ല. ഇവിടെ അദ്ദേഹം അര മണിക്കൂറോളം സമയം ചെലവഴിച്ചതായാണ് റിപ്പോർട്ട് . പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ പുരോഗതിയും അദ്ദേഹം നേരിട്ട് പരിശോധിച്ചു.
ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 6.30 മണിക്ക് പ്രധാനമന്ത്രി ന്യൂയോർക്കിൽ ഐക്യരാഷ്‌ട്രസഭ ജനറൽ അസംബ്ലിയിൽ പ്രസംഗിക്കുകയായിരുന്നു. ഐക്യരാഷ്‌ട്ര സഭാ സമ്മേളനത്തിന് ശേഷം ഇന്നലെ രാത്രി തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കുകയും ചെയ്തു. വെളുപ്പിന് ഡൽഹിയിലെത്തിയ അദ്ദേഹം ഇന്ന് രാവിലെ ഓൾ ഇന്ത്യാ റേഡിയോയുടെ പ്രതിമാസ സംവാദ പരിപാടിയായ മൻ കി ബാത്തിലും പങ്കെടുത്തു. പിന്നീട് ഒറീസ മുഖ്യമന്ത്രി നവീൻ പാട്നായ്‌ക്കിനെയും ആന്ധ്രാ മുഖ്യൻ ജഗൻ മോഹൻ റെഡ്ഢിയെയും വിളിച്ചു ഗുലാബ് ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറാടുപ്പിനെ പറ്റി ചർച്ച ചെയ്തു .
ഡൽഹിയിൽ പ്രതിരോധ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിൽ സെൻട്രൽ വിസ്റ്റ പദ്ധതിയെ വിമർശിക്കുന്നവർക്കെതിരെ മോദി സംസാരിച്ചിരുന്നു. സെൻട്രൽ വിസ്റ്റ പദ്ധതിയെ എതിർക്കുന്നവർ പ്രതിരോധ കോംപ്ലക്സ് പദ്ധതിയും അതിന്റെ ഭാഗമാണെന്നത് അവഗണിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പദ്ധതികളെ സംബന്ധിച്ച് ചിലർ നുണ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തെക്കുറിച്ച് നിരവധി ചർച്ചകൾ നേരത്തെ തന്നെ നടന്നിട്ടുണ്ട്. വിമാന യാത്രയിലും വിശ്രമമില്ലാതെ രാജ്യത്തിനായുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനാണ് അദ്ദേഹം. അമേരിക്കൻ യാത്രയ്‌ക്കിടെ നിർണായകമായ ഇരുപത്തിനാല് നിർണായക യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. ഇതിൽ നാലെണ്ണം വിമാനത്തിൽ വെച്ചായിരുന്നു. ഇതെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയാണ് അദ്ദേഹം പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം പരിശോധിക്കാനെത്തിയത്.
















Comments