ന്യൂയോർക്ക് : വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിനെ വധിക്കാൻ അമേരിക്കൻ ചാര സംഘടനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി ശ്രമിച്ചിരുന്നതായി റിപ്പോർട്ട്. ഡോണൾഡ് ട്രമ്പ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റപ്പോഴാണ് ഇതിനുള്ള ശ്രമം നടന്നത്. അമേരിക്കയുടെ രഹസ്യങ്ങൾ പുറത്തെത്തിച്ചതിന്റെ പ്രതികാരമായാണ് അസാഞ്ചിനെ കൊല്ലാൻ സി.ഐ.എ ശ്രമിച്ചത്.
അസാഞ്ചിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താനായിരുന്നു ലക്ഷ്യമിട്ടത്. ഇതിന്റെ വരും വരായ്കകളെപ്പറ്റി ഉന്നത നേതൃത്വത്തിൽ ചർച്ച നടന്നിരുന്നു. അസാഞ്ചിനെ എങ്ങനെ കൊലപ്പെടുത്തണമെന്നതിനെക്കുറിച്ചും ചർച്ച നടന്നിരുന്നു.
വിക്കിലീക്സിനെതിരെയുള്ള സി.ഐ.എയുടെ സമഗ്രമായ നടപടിയുടെ ഭാഗമായിരുന്നു കൊലപാതക ശ്രമം. വിക്കിലീക്സിൽ തമ്മിലടിയുണ്ടാക്കാനും സി.ഐ.എ ശ്രമിച്ചിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിക്കാനുള്ള പദ്ധതിയും ആലോചിച്ചിരുന്നു. സി.ഐ.എയുടെ ചരിത്രത്തിൽ ഏറ്റവും വലിയ ഡേറ്റ ചോർച്ചയാണ് വിക്കിലീക്സ് കാരണം ഉണ്ടായത്. ഇത് എജൻസിയുടെ മുഖം നഷ്ടപ്പെടുത്തി.
ലണ്ടനിലെ ഇക്വൊഡോർ എംബസിയിൽ അഭയം പ്രാപിച്ചിരുന്ന അസാഞ്ചിന്റെ നീക്കങ്ങൾ കൃത്യമായി സി.ഐ.എ ഒപ്പിയെടുത്തിരുന്നു. അസാഞ്ചിന്റെ ഫോൺ സംഭാഷണമുൾപ്പെടെ ടാപ്പ് ചെയ്തിരുന്നു. ബ്രിട്ടനിൽ നിന്ന് അസാഞ്ചിനെ തട്ടിക്കൊണ്ടു പോകുന്നത് അസാദ്ധ്യമായതിനാലാണ് പദ്ധതി നടക്കാതിരുന്നത്.
Comments