തിരുവനന്തപുരം: പുരാവസ്തു വിൽപ്പനക്കാരന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ ചേർത്തല സ്വദേശി മോൻസൻ മാവുങ്കലിനെതിരെ അന്വേഷണം നടത്താൻ നിർദ്ദേശിച്ചുകൊണ്ടുള്ള ലോക്‌നാഥ് ബെഹ്‌റയുടെ കത്ത് പുറത്ത്. രഹസ്യാന്വേഷണം നടത്താൻ നിർദ്ദേശിച്ചിട്ടുള്ള കത്താണ് പുറത്തുവന്നത്. മോൻസൻ അന്താരാഷ്‌ട്ര ഫ്രോഡാണെന്നും കത്തിൽ പരാമർശമുണ്ട്.
മോൻസന്റെ കൈവശമുള്ള പുരാവസ്തുക്കളിൽ പലതും വ്യാജമാണെന്നും മോഷ്ടിച്ചതാണെന്നും കത്തിൽ പറയുന്നു. ഇന്റലിജൻസ് എഡിജിപിയ്‌ക്ക് 2019 മെയിൽ അയച്ച കത്താണിത്. അന്ന് പോലീസ് മേധാവിയായിരുന്നു ലോക്‌നാഥ് ബെഹ്‌റ. നിർദ്ദേശത്തെ തുടർന്ന് മോൻസനെതിരെ ഇന്റലിജൻസ് അന്വേഷണം നടത്തിയിരുന്നു.
പ്രൈമറി വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്നും കന്യാസ്ത്രീ ആയിരുന്ന യുവതിയെ ആണ് വിവാഹം ചെയ്തതെന്നുമടക്കം റിപ്പോര്‍ട്ടിലുണ്ട്. സാമ്പത്തിക ഇടപാടിൽ ദുരൂഹതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടും നൽകിയിരുന്നു.
ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹറയും എഡിജിപി ആയിരുന്ന മനോജ് എബ്രഹാമും മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് മനോജ് എബ്രഹാം ഒരു രഹസ്യാന്വേഷണം നടത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ഈ അന്വേഷണ റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Comments