തിരുവനന്തപുരം: കോവളം ബീച്ചിന് തലവേദനയായി ജെല്ലി ഫിഷുകളുടെ തുടർച്ചയായ വരവ് തുടരുന്നു. ഒരാഴ്ചയായുള്ള തിരമാലകളുടെ ശക്തിയിൽ കരയിലേക്ക് നൂറുകണക്കിന് ജെല്ലി ഫിഷുകളാണ് വന്നടിയുന്നത്. ജെല്ലി ഫിഷുകൾ തീരത്തടിഞ്ഞ് ദുർഗന്ധം വമിച്ചതോടെ വിനോദ സഞ്ചാരികളും പ്രദേശവാസികളും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
കടൽച്ചൊറിയെന്ന് അറിയപ്പെടുന്ന ജെല്ലി ഫിഷുകളെ കുഴിച്ച് മൂടാനുള്ള ശുചികരണ തൊഴിലാളികളുടെ ശ്രമങ്ങളും ഫലം കണ്ടില്ല. ഇതിനോടകം തന്നെ ടൺ കണക്കിന് ജെല്ലി ഫിഷുകളെ ശുചീകരണ തൊഴിലാളികൾ ബീച്ചിന് സമീപത്ത് കുഴിച്ച് മൂടിക്കഴിഞ്ഞു. എങ്കിലും ഉൾക്കടലിൽ നിന്നുള്ള ജെല്ലി ഫിഷുകളുടെ വരവ് മാറ്റമില്ലാതെ തുടരുകയാണ്. മുൻ വർഷത്തെക്കാൾ ഇത്തവണ ജെല്ലി ഫിഷുകളുടെ എണ്ണം കൂടുതലാണെന്ന് തൊഴിലാളികൾ പറയുന്നു.
മണലിൽ പറ്റിപ്പിടിച്ചിരുന്ന് അലിയുന്ന ഇവ രൂക്ഷഗന്ധം പരത്തുന്നതോടൊപ്പം ബീച്ചിനെ വൃത്തിഹീനമാക്കുകയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നു. കൂടാതെ ശുചീകരണ തൊഴിലാളികളുടെ എണ്ണക്കുറവും ബീച്ചിൽ തുടർച്ചയായി തിരമാലകൾ ശക്തിയായി ആഞ്ഞടിക്കുന്നതും ജെല്ലികൾ മറവു ചെയ്യുന്നതിന് തടസമായി. മനുഷ്യജീവന് ഭീഷണിയാകുന്നവാണ് ജെല്ലി ഫിഷുകൾ.
Comments