ലക്‌നൗ : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി യോഗി ആദിത്യനാഥിനെ തന്നെ മത്സരിപ്പിക്കാൻ തീരുമാനം. സംസ്ഥാനത്തെ ഗുണ്ടാമുക്തമാക്കാനും വികസനത്തിലേക്ക് നയിക്കാനും യോഗി ആദിത്യനാഥ് തന്നെ വേണമെന്ന ജനങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന പാർട്ടി പ്രസിഡന്റ് സ്വതന്ത്ര ദേവ് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ കേന്ദ്ര നേതൃത്വം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയായിരിക്കും ഉത്തർപ്രദേശിലെ ബിജെപിയുടെ മുഖമുദ്ര. സുരക്ഷയും വികസനമാണ് യുപിയിലെ ജനങ്ങളുടെ ആവശ്യം. വികസന കുതിപ്പിൽ നിൽക്കുന്ന ഉത്തർ പ്രദേശിനെ ഉത്തം പ്രദേശ് ആക്കാനുളള പരിശ്രമത്തിലാണ് യോഗി ആദിത്യനാഥ് എന്നും സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീടുകൾ തോറും കയറിയുള്ള കോൺടാക്റ്റ് പ്രോഗ്രാമാണ് സംസ്ഥാനത്ത് ഇപ്പോൾ നടപ്പിലാക്കുന്നത്.
യോഗി ആദിത്യനാഥ് സംസ്ഥാനത്തിന് വരുത്തിയ മാറ്റത്തെ പ്രശംസിച്ചുകൊണ്ട് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാനും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിച്ച ബിജെപി സർക്കാർ അടുത്ത തെരഞ്ഞെടുപ്പിലും അധികാരത്തിലേറണമെന്നാണ് അദ്ദേഹം പറഞ്ഞത്.
2022 ലെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്ന രാഷ്‌ട്രീയ പാർട്ടികൾ ശക്തരായ എതിരാളികളെയാണ് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്. എന്നാൽ യോഗി ആദിത്യനാഥിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് സാധിക്കില്ലെന്ന് സർവ്വേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
















Comments