ന്യൂഡൽഹി: ചരൺജീത് ഛന്നിയുടെ മുഖ്യമന്ത്രി പദത്തിന് മേൽ ആധിപത്യം സ്ഥാപിക്കാനാണ് നവജ്യോത് സിംഗ് സിദ്ധുവിന്റെ ശ്രമമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. സിദ്ധുവിന്റെ നീക്കം ഒരു മുഖ്യമന്ത്രിക്കും അംഗീകരിക്കാനാകില്ല. ഒരു സംസ്ഥാനം ഭരിക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ കൈകൾ സ്വതന്ത്രമാകണമെന്നും ക്യാപ്റ്റൻ പറഞ്ഞു.
ഛന്നിയിലൂടെ പഞ്ചാബ് സർക്കാരിനെ നയിക്കാമെന്ന് സിദ്ധു കരുതിയെങ്കിൽ സ്വാഭാവികമായും ഇത്തരത്തിലായിരിക്കും സിദ്ധുവിന്റെ പ്രതികരണം. രാജിക്കത്ത് താൻ കണ്ടതാണെന്നും മറ്റ് പാർട്ടിക്കാരാട് സിദ്ധു ചർച്ച നടത്തിയതായി അറിയാൻ കഴിഞ്ഞുവെന്നും അമരീന്ദർ സിംഗ് പ്രതികരിച്ചു.
മരിച്ച 170 കർഷകരുടെ കുടുംബങ്ങൾക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനം പുതിയ മുഖ്യമന്ത്രി ഇതുവരെ നടപ്പിലാക്കിയില്ലെന്ന വിമർശനവും അമരീന്ദർ മുന്നോട്ടുവച്ചു. സെപ്റ്റംബർ 22ന് തന്നെ ഛന്നി അത് നിർവഹിക്കണമായിരുന്നു. ജീവൻ നഷ്ടപ്പെട്ട കർഷകരുടെ കുടുംബങ്ങളെ വിളിച്ചുചേർത്ത് കൂടിക്കാഴ്ച നടത്തണമായിരുന്നുവെന്നും ക്യാപ്റ്റൻ വിമർശിച്ചു.
പഞ്ചാബ് രാഷ്‌ട്രീയത്തിൽ അമരീന്ദറിന്റെ വരാനിരിക്കുന്ന നീക്കങ്ങൾ എന്താകുമെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോൾ നടക്കുന്നത് അക്കങ്ങൾ ഉപയോഗിച്ചുള്ള ഒരു കളിയല്ലെന്നാണ് അമരീന്ദർ മറുപടി നൽകിയത്. എല്ലാ എംഎൽഎമാരെയും ഒരുമിച്ച് നിർത്താൻ സാധിക്കുമെന്ന് താൻ അവകാശപ്പെടുന്നില്ല. ഇത് സാവധാനം മുന്നോട്ടു പോകണം. താൻ സിദ്ധുവാണെന്ന് കരുതരുതെന്നും തനിക്ക് തന്റേതായ രീതിയുണ്ടെന്നും അമരീന്ദർ പറഞ്ഞു. എല്ലാ എംഎൽഎമാരോടും താൻ സംസാരിക്കുമെന്നും ശേഷം തീരുമാനമെടുക്കുമെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
അതേസമയം താൻ ഡൽഹിയിലെത്തിയത് മറ്റ് സ്വകാര്യ ആവശ്യങ്ങൾക്കാണ്. മറ്റ് പ്രചാരണങ്ങൾ തെറ്റാണെന്നും അമരീന്ദർ വ്യക്തമാക്കി.
















Comments