ശ്രീനഗർ: വീണ്ടും തന്നെ വീട്ടുതടങ്കലിൽ അടച്ചുവെന്ന ആരോപണവുമായി ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അദ്ധ്യക്ഷയുമായ മെഹബൂബ മുഫ്തി. കശ്മീരിലെ പുൽവാമയിൽ സ്ഥിതിചെയ്യുന്ന ത്രാൽ ജില്ലയിൽ താൻ സന്ദർശനം നടത്താൻ തയ്യാറെടുക്കവെയാണ് നടപടിയെന്ന് മെഹബൂബ മുഫ്തി ആരോപിച്ചു. വീടിന് മുമ്പിൽ സൈന്യത്തിന്റെ വാഹനം നിർത്തിയിട്ടിരിക്കുന്ന ചിത്രം ഉൾപ്പെടെ പോസ്റ്റ് ചെയ്താണ് പിഡിപി അദ്ധ്യക്ഷ ഇക്കാര്യം അറിയിച്ചത്.
ഇതാണ് കശ്മീരിന്റെ യഥാർത്ഥ മുഖമെന്നും സന്ദർശനത്തിനെത്തുന്ന പ്രമുഖരെ ഇതാണ് കാണിക്കേണ്ടതെന്നും മുഫ്തി രോഷത്തോടെ പറഞ്ഞു. ത്രാലിലെ ചില കുടുംബങ്ങളെ സൈനികർ ആക്രമിച്ചതായും അവരുടെ വീടുകളിൽ അതിക്രമിച്ച് കയറിയെന്നുമാണ് മുഫ്തിയുടെ ആരോപണം. ഈ കുടുംബങ്ങളെ സന്ദർശിക്കാനുളള യാത്രയാണ് മുടക്കിയിരിക്കുന്നതെന്നും മുഫ്തി പറയുന്നു.
ത്രാലിലെ മുഫ്തിയുടെ സന്ദർശനം പ്രകോപനം സൃഷ്ടിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്നാണ് സൂചന. അഫ്ഗാൻ വിഷയത്തിലും താലിബാനെ പിന്തുണച്ചും നിരന്തരമായി വിവാദ പ്രസ്താവനകൾ നടത്താറുള്ള നേതാവാണ് മെഹബൂബ മുഫ്തി. പാകിസ്താനുമായി ചർച്ച വേണമെന്ന നിലപാടാണ് കഴിഞ്ഞ മാസം മെഹബൂബ എടുത്തത്.
















Comments