സാധാരണക്കാരെ ദാരിദ്രത്തിന്റെ പടുകുഴിയിലേയ്‌ക്ക് തള്ളിവിടുന്ന പ്രധാന കാരണം രോഗങ്ങളും അതിന്റെ ചികിത്സാ ചിലവുകളുമാണ്. വിദഗ്ദ ചികിത്സകൾ രാജ്യത്തെ പാവപ്പെട്ടവർക്ക് ലഭ്യമാകില്ലെന്ന ആശങ്ക ഇനി വേണ്ട. ഇന്ത്യയുടെ ആരോഗ്യ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന് വിലയിരുത്തപ്പെടുന്ന ഏകീകൃത ഡിജിറ്റൽ സംവിധാനമായ പ്രധാനമന്ത്രി ഡിജിറ്റൽ ഹെൽത്ത് മിഷന് രാജ്യത്ത് തുടക്കമായി. അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ സമൂഹത്തിലെ പാവപ്പെട്ടവർക്ക് ഉറപ്പ് വരുത്തുന്ന പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ ആരോഗ്യ കാർഡുകളും പുറത്തിറക്കി. ചികിത്സാ രംഗത്തെ കാര്യക്ഷമത വർദ്ധിപ്പിക്കാനും രോഗ ശുശ്രൂഷകൾ എളുപ്പമാക്കാനും സഹാകരമാകുന്നതാണ് പദ്ധതി.
രാജ്യത്തെ പത്തുകോടിയോളം വരുന്ന പാവപ്പെട്ടവർക്ക് ആരോഗ്യ പരിരക്ഷ നൽകുന്നതിനായി നരേന്ദ്രമോദി സർക്കാർ രൂപം നൽകിയ പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഡിജിറ്റൽ പദ്ധതി പ്രഖ്യാപിച്ചത്. ആരോഗ്യമേഖലയുടെ കാര്യക്ഷമതയും സുതാര്യതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
പദ്ധതിപ്രകാരം എല്ലാ ഇന്ത്യക്കാർക്കും അവരുടെ മെഡിക്കൽ വിവരങ്ങൾ അടങ്ങിയ ഒരു ഐഡികാർഡ് ലഭിക്കും. ഇത് ഓരോത്തരുടേയും ആരോഗ്യ അക്കൗണ്ടായാണ് പ്രവർത്തിക്കുക. ആരോഗ്യപരമായ ആവശ്യങ്ങൾക്കും മരുന്ന് വാങ്ങാനും ഹെൽത്ത് കാർഡ് ഉപയോഗിക്കാം. ഓരോ തവണയും ആശുപത്രിയോ ഫാർമസിയോ സന്ദർശിക്കുമ്പോൾ വിവരങ്ങൾ ഇതിൽ രേഖപ്പെടുത്തും. ഡോക്ടറുടെ അപ്പോയിൻമെന്റ് മുതൽ ചികിത്സവരെയുള്ള എല്ലാ വിവരങ്ങളും ഹെൽത്ത് പ്രൊഫൈലിൽ ലഭ്യമാകും.
മരുന്നു കുറിപ്പടികൾ, പരിശോധനാഫലങ്ങൾ, ഡിസ്ചാർജ് സമ്മറി തുടങ്ങിയവയും രേഖപ്പെടുത്തും. പൗരന്മാരുടെ ആരോഗ്യവിവരങ്ങൾ സൂക്ഷിക്കാനായി ഒരു ഹെൽത്ത് ഐഡി, ഇതിലെ വിവരങ്ങൾ കാണാനായുള്ള മൊബൈൽ ആപ്ലിക്കേഷൻ, ആരോഗ്യപ്രവർത്തകർക്കുള്ള രജിസ്ട്രി (എച്ച്പിആർ), ആരോഗ്യകേന്ദ്രങ്ങൾക്കുള്ള രജിസ്ട്രികൾ (എച്ച്എഫ്ആർ) തുടങ്ങിയവയാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റലിന്റെ പ്രധാന ഘടകങ്ങൾ. 14 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പരാണ് ഐഡിയിൽ ഉണ്ടാകുക. ആധാർ ഇല്ലാതെ തന്നെ ഐഡി കാർഡിനായി രജിസ്റ്റർ ചെയ്യാം.
ആരോഗ്യ അക്കൗണ്ട് ആക്ടിവേറ്റ് ആകുന്നതോടെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ലഭ്യമാകുന്നതിന് ഒരു ക്ലിക്ക് മാത്രം മതിയാവും ആധുനിക വൈദ്യശാസ്ത്രത്തിനു പുറമെ ആയുർവേദ, ഹോമിയോ, സിദ്ധ വൈദ്യശാലകളും ആരോഗ്യപ്രവർത്തകരും പദ്ധതിയുടെ ഭാഗമാകും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ആരോഗ്യപ്രവർത്തകരുടെയും ആശുപത്രികളുടെയും പ്രവർത്തനം എളുപ്പത്തിലാകുമെന്നാണ് കേന്ദ്രസർക്കാർ കണക്കു കൂട്ടുന്നത്.ഡോക്ടർമാർക്കും ആശുപത്രികൾക്കും ഒറ്റത്തവണ മാത്രം ലഭ്യമാകുന്ന തരത്തിലായിരിക്കും സെർവറിൽ നിന്ന് വിവരങ്ങൾക്ക് അനുമതി കൊടുക്കുക.
ആശുപത്രിയിൽ നേരിട്ടെത്താതെ ടെലി കൺസൾട്ടേഷനും ഇ ഫാർമസികളിലും സേവനങ്ങൾ ലഭ്യമാക്കാൻ എൻഡിഎച്ച്എം രോഗികളെ സഹായിക്കും. കൂടാതെ ആരോഗ്യമേഖലയിലെ മറ്റു സേവനങ്ങൾക്കും കാർഡ് ഉപയോഗിക്കാം. സ്വകാര്യത ഉറപ്പുവരുത്താനായി വ്യക്തികൾക്ക് ഒന്നിലധികം ഹെൽത്ത് ഐഡി കാർഡുകൾ എടുക്കാനും സാധിക്കും. കൊറോണ വാക്‌സിൻ എടുത്ത പലർക്കും ഇതിനോടകം തന്നെ ഹെൽത്ത് ഐഡി ലഭിച്ചിട്ടുണ്ട്. വാക്‌സിൻ സർട്ടിഫിക്കറ്റിൽ ഈ നമ്പർ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഹെൽത്ത് ഐഡിയെ ആധാറുമായി ബന്ധിപ്പിക്കാമെങ്കിലും നിലവിൽ ആധാർ നിർബന്ധമില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു.
Comments