ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ അവസാന നിമിഷത്തെ ഗോളിൽ എതിരാളികളെ ഞെട്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് വിയ്യാറലിനെ തോൽപ്പിച്ചത്.
കളിയുടെ ആദ്യപകുതി ഗോൾ രഹിതമായിരുന്നു. ക്രിസ്റ്റ്യാനോയുടെ മുന്നേറ്റങ്ങളെ വിയ്യാറൽ ടീം സമർത്ഥമായി തടഞ്ഞു. രണ്ടാം പകുതിയിൽ പാകോ അൽകാസറാണ് 53-ാം മിനിറ്റിൽ വിയ്യാറലിനെ മുന്നിലെത്തിച്ചത്. എന്നാൽ ഏഴുമിനിറ്റിനകം ചെമ്പട സമനില പിടിച്ചു. അലെക്‌സ് ടെല്ലസാണ് ഗോൾ നേടിയത്. സമനിലയിലേക്ക് നീങ്ങിയ കളിയാണ് ക്രിസ്റ്റ്യാനോ മികവാർന്ന ഗോളിലൂടെ സ്വന്തമാക്കിയത്. അവസാന നിമിഷത്തിലെ അധികസമയത്താണ് ഗോൾ വീണത്. ബോക്‌സിലേക്ക് പാഞ്ഞുകയറി വലതു വിംഗിൽ നിന്നും തൊടുത്ത പന്ത് ക്രിസ്റ്റ്യാനോ വലയ്‌ക്കുള്ളിൽ കയറ്റി.
പന്ത്രണ്ടാം തവണയാണ് ക്രിസ്റ്റ്യാനോ അവസാന നിമിഷത്തിൽ ഗോൾ നേടുന്നത്. സെർജീ അഗ്വ്യൂറോയാണ് ഇതേ നേട്ടത്തിനൊപ്പമുള്ളത്.
Comments