ന്യൂഡൽഹി: കപിൽ സിബലിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ. കോൺഗ്രസിന്റെ നിലവിലെ പ്രവർത്തന ശൈലിയിൽ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തകർ കപിൽ സിബലിന്റെ വീടിന് മുന്നിൽ കൂട്ടമായെത്തി പ്രതിഷേധിച്ചത്. ഇതിൽ പങ്കാളികളായിട്ടുള്ള എല്ലാവർക്കുമെതിരെ സോണിയ ഗാന്ധി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആനന്ദ് ശർമ്മ ആവശ്യപ്പെട്ടു. ജി-23യിലെ നേതാക്കളിലൊരാളാണ് ആനന്ദ് ശർമ്മയും.
‘കപിൽ സിബലിന്റെ വീടിന് മുന്നിൽ നടന്ന അതിക്രമത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ശുദ്ധ തെമ്മാടിത്തരമാണിത്. പാർട്ടിപ്രവർത്തകരാണ് ഇത്തരമൊരു നിന്ദ്യമായ പ്രവർത്തി ചെയ്തത്. പാർട്ടി ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം’ ആനന്ദ് ശർമ്മ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകിയിരുന്ന ഒരുകാലം കോൺഗ്രസിന് ഉണ്ടായിരുന്നുവെന്നും ആനന്ദ് ശർമ്മ ഓർമ്മിപ്പിച്ചു. കുറ്റക്കാർക്കെതിരെ സോണിയഗാന്ധി കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ കപിൽ സിബൽ രൂക്ഷവിമർശനം ഉന്നയിച്ചത്. പാർട്ടിക്ക് ഇപ്പോൾ പ്രസിഡന്റ് ഇല്ലെന്നും ആരാണ് തീരുമാനങ്ങൾ എടുക്കുന്നത് എന്ന് അറിയില്ലെന്നും കപിൽ സിബൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കപിൽ സിബലിന്റെ വസതിക്ക് മുന്നിലെ പ്രതിഷേധം. ‘സിബൽ എത്രയും വേഗം സുഖം പ്രാപിക്കുക’ എന്നെഴുതിയ പ്ലക്കാർഡുകളുമായി നൂറ് കണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഇവിടെ സംഘടിച്ചെത്തിയത്. ഇതിന് പുറമെ പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിന് നേരെ തക്കാളിയേറും നടത്തി.
















Comments