ന്യൂഡൽഹി: അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ പിഎച്ച്ഡി നിർബന്ധമെന്ന മാനദണ്ഡം ഈ വർഷത്തേക്ക് താൽക്കാലികമായി നിർത്തിവെച്ച് കേന്ദ്രസർക്കാർ. നാഷ്ണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പാസായ ഉദ്യോഗാർത്ഥികൾക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യതയും തുടരും.
കോളേജുകളിലെ ഒഴിവുകൾ നികത്താനും കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകാനുമായിട്ടാണ് സർക്കാരിന്റെ പുതിയ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി. യൂണിവേഴ്‌സിറ്റികളിലെ അദ്ധ്യാപനത്തിനുള്ള ഒരു എൻട്രി ലെവൽ തസ്തികയായാണ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയെ കണക്കാക്കുന്നത്. ഇതിന് അപേക്ഷിക്കുന്നവരിൽ ഭൂരിഭാഗവും നെറ്റ് പാസായ ബിരുദാനന്തര ബിരുദം കഴിഞ്ഞ ആളുകളാണ്.
മുൻപ് ഉദ്യോഗാർത്ഥികളുടെ അഭ്യർത്ഥന കാരണം പിഎച്ച്ഡി നിർബന്ധത്തിൽ മൂന്ന് വർഷത്തെ ഇളവ് നൽകിയിരുന്നു.
അസിസ്റ്റന്റ് പ്രൊഫസറാവാൻ പിഎച്ച്ഡി നിർബന്ധമാവണമെന്ന് 2018 ലാണ് യുജിസി( യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മീഷൻ) നിർദ്ദേശിച്ചത്.
Comments