പൊളളാച്ചി: ചില്ലി ചിക്കൻ വാങ്ങാൻ പണം നൽകാമെന്ന് പറഞ്ഞ് ദമ്പതികളുടെ കൈയ്യിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുഞ്ഞിനെ കണ്ടെത്തി. അഞ്ച് മാസം മാത്രം പ്രായമുളള കുഞ്ഞിനെയാണ് തട്ടികൊണ്ടുപോയത്. ആനമല സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തിൽ അംഗല കുറിച്ചിയിൽ താമസിക്കുന്ന രാമർ (52) മുരുകേഷ് (47) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മൈസൂരു സ്വദേശി മണികണ്ഠൻ സംഗീത ദമ്പതികളുടെ കുഞ്ഞിനെയാണ് കാണാതായത്.
പഴയ സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന നാടോടികളായ ഇവർ കുറച്ചുദിവസമായി ആനമലയിലെ പ്രവർത്തിക്കാത്ത പഴയ ബസ് സ്റ്റാൻഡിലാണ് താമസം.
സംഭവദിവസം വൈകുന്നേരം കുഞ്ഞുമായി സംഗീത തട്ടുകടയിൽ എത്തിയതായിരുന്നു. ഈ സമയം സ്ഥലത്ത് നിന്നിരുന്ന യുവാവ് സംഗീതയോട് ചില്ലിചിക്കൻ വേണോയെന്ന് ചോദിച്ച് പണം നൽകി. യുവതി ചില്ലിചിക്കൻ വാങ്ങാൻ പോയ സമയത്ത് യുവാവ് കുഞ്ഞിനെ അമ്മയുടെ കൈയിൽ നിന്ന് വാങ്ങി. ചില്ലിചിക്കൻ വാങ്ങി തിരിച്ചുവന്ന അമ്മ കുട്ടിയെയും യുവാവിനെയും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ആനമല പോലീസിൽ പരാതി നൽകി.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവർ ഭിക്ഷാടന മാഫിയയ്‌ക്ക് വിൽക്കാനുളള ഉദ്ദേശമായിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
















Comments